| Wednesday, 3rd July 2019, 1:40 pm

കശ്മീരി വിദ്യാര്‍ത്ഥികളെ രാജ്യദ്രോഹികളാക്കിയവര്‍ക്ക് ആര്‍.എസ്.എസിന്റെ മാധ്യമപുരസ്‌കാരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ച് കശ്മീരി വിദ്യാര്‍ത്ഥികളെയും ഗുവാഹട്ടിയിലെ അസിസ്റ്റന്റ് പ്രൊഫസറെയും പുറത്താക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത സംഭവങ്ങളിള്‍ക്ക്‌ പിന്നില്‍ പ്രവര്‍ത്തിച്ച സംഘ് അനുകൂല സോഷ്യല്‍മീഡിയ പ്രവര്‍ത്തകര്‍ക്ക് ആര്‍.എസ്.എസിന്റെ മാധ്യമ പുരസ്‌കാരം.

രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നതിന് തങ്ങളുടെ കൈയ്യില്‍ തെളിവുകളുണ്ടെന്നവകാശപ്പെട്ടാണ് ആര്‍.എസ്.എസ് പുരസ്‌കാരം നല്‍കിയതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുവാഹട്ടിയിലെ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ക്ക് നല്‍കിയ സസ്പെന്‍ഷന്‍ ലെറ്റര്‍, നാല് കശ്മീരി വിദ്യാര്‍ത്ഥിനികളെ സസ്‌പെന്‍ഡ് ചെയ്തുള്ള രാജസ്ഥാന്‍ സര്‍വവ്കലാശാലയുടെ കത്ത്, ജെയ്പൂരില്‍ അറസ്റ്റിലേക്ക് നയിച്ച ട്വീറ്റ്, നോയിഡ എഞ്ചിനീയറിങ് കോളേജിലെ ഒരു വിദ്യാര്‍ത്ഥിയ്ക്ക് ലഭിച്ച സസ്പെന്‍ഷന്‍ ലെറ്റര്‍, ബിഹാറിലെ കെയ്തറില്‍ ഫെയ്സ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് നടന്ന ബിരുദ വിദ്യാര്‍ത്ഥിയുടെ അറസ്റ്റ് എന്നിവയാണ് ആര്‍.എസ്.എസ് പുരസ്‌കാരത്തിനുള്ള തെളിവുകളായി നിരത്തിയത്.

എന്നാല്‍, ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ ഇവര്‍ക്കെതിരായ നടപടി പിന്‍വലിച്ചതാണ് എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

‘ക്ലീന്‍ ദ നേഷന്‍’ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ സംഘത്തെയാണ് ആര്‍.എസ്.എസിന്റെ നേതൃത്വത്തിലുള്ള ഇന്ദ്ര പ്രസ്ഥ വിശ്വ സംവാദ് കേന്ദ്ര ‘സോഷ്യല്‍ മീഡിയ പത്രകാരിത നാരദ് സമ്മാന്‍’ നല്‍കിയത്. ആര്‍.എസ്.എസ് നേതാവ് മന്‍മോഹന്‍ വൈദ്യ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് പുരസ്‌കാരം നല്‍കിയത്.

പുല്‍വാമ ഭീകരാക്രമണത്തിന്റേയും ബാലക്കോട്ട് വ്യോമാക്രമണത്തിന്റേയും പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ ‘ഈ കുറ്റക്കാര്‍’ നടത്തിയ അഭിപ്രായ പ്രകടനങ്ങളെത്തുടര്‍ന്നായിരുന്നു ഇവര്‍ക്കുനേരെ നിയമനടപടികളുണ്ടായത്. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കോളേജുകളില്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കെതിരെ വ്യാപകമായ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നടന്നിരുന്നു. ഈ ആക്രമണങ്ങള്‍ക്കുപിന്നിലും സംഘ്പരിവാര്‍-ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുടര്‍ന്ന് ധാരാളം കശ്മീരി വിദ്യാര്‍ത്ഥികള്‍ പഠനമുപേക്ഷിച്ച അവസ്ഥയുമുണ്ടായിരുന്നു.

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഒമ്പത് സംഘ് അനുകൂലികള്‍ ചേര്‍ന്ന് ‘ക്ലീന്‍ ദ നാഷന്‍’ എന്ന പേരില്‍ ഫേസ്ബുക്ക് ഗ്രൂപ്പ് ആരംഭിച്ചത്. രണ്ടുദിവസം കൊണ്ട് ‘ക്ലീന്‍ ദ നാഷന്‍’ 4,500 അംഗങ്ങളെ സ്വന്തമാക്കി. തുടര്‍ന്ന് ട്വീറ്റുകളും ഫേസ്ബുക്ക് പോസ്റ്റുകളും ഇവര്‍ അരിച്ചുപറുക്കി. ദല്‍ഹിയിലും നോയിഡയിലുമുള്ള ഇരുപതോളം ഐടി വിദഗ്ധരും സംഘത്തിലുണ്ട്. നിലവില്‍ ‘ക്ലീന്‍ ദ നാഷ’ന്റെ ട്വിറ്റര്‍ പേജിന് 7,750 ഫോളോവേഴ്‌സുണ്ട്.

സൈന്യത്തെ പരിഹസിക്കുകയോ വിമര്‍ശിക്കുകയോ ചെയ്യുന്ന വ്യക്തികളുടെ സ്ഥാപനത്തെയും സര്‍വ്വകലാശാലകളെയും കണ്ടെത്തി ജോലിയില്‍നിന്ന് പിരിച്ചുവിടാനും കോളെജുകളില്‍നിന്ന് പുറത്താക്കാനും ആവശ്യപ്പെടുകയായിരുന്നു ഗ്രൂപ്പിന്റെ ആദ്യ ഉദ്യമമെന്ന് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പറയുന്നു. ‘ദേശവിരുദ്ധ’മായ എന്ത് കണ്ടാലും ഇവര്‍ രേഖപ്പെടുത്തുന്നുമുണ്ടായിരുന്നു. തുടര്‍ന്നാണ് പല സ്ഥാപനങ്ങളില്‍നിന്നും സര്‍വ്വകലാശാലകളില്‍ നിന്നും കശ്മീരി വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ പുറത്തായത്.

We use cookies to give you the best possible experience. Learn more