തിരുവനന്തപുരം: ആലപ്പുഴ രഞ്ജിത് വധത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ ബുധനാഴ്ച നടത്താനിരിക്കുന്ന പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അക്രമസാധ്യതയുണ്ടെന്ന് പൊലീസിന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
എസ്.ഡി.പി.ഐ ശക്തികേന്ദ്രങ്ങളിലൂടെയും പ്രകടനം കടന്നുപോകാനുള്ള സാധ്യതയുള്ളതിനാല്‍ അക്രമം നടക്കാനുള്ള സാധ്യതയുണ്ടെന്നാണ് ജാഗ്രതാ നിര്‍ദേശത്തില്‍ ഇന്റലിജന്‍സ് സൂചിപ്പിക്കുന്നത്.
സംസ്ഥാന സര്‍ക്കാരും ഇതുസംബന്ധിച്ച നിര്‍ദേശം പൊലീസിന് നല്‍കിയിട്ടുണ്ട്. എല്ലാ ജില്ലകളിലും ജാഗ്രത പാലിക്കണമെന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ പൊലീസിന് നല്‍കിയിട്ടുള്ളത്.
ആലപ്പുഴ രഞ്ജിത് വധത്തില്‍ പ്രതിഷേധിച്ച് ആര്‍.എസ്.എസ് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രകടനം നടത്താന്‍ സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സിന് ലഭിച്ചിരിക്കുന്ന റിപ്പോര്‍ട്ട്. അക്രമത്തിനുള്ള ആയുധങ്ങള്‍ ഉള്‍പ്പടെയാവും ആര്‍.എസ്.എസ് റാലി നടത്തുകയെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.
എസ്.ഡി.പി.ഐയുടെ ശക്തികേന്ദ്രങ്ങളിലൂടെയും പ്രകടനം കടന്നുപോവാനുള്ള സാഹചര്യമുള്ളതിനാല്‍ സംസ്ഥാനത്ത് പലയിടത്തും അക്രമത്തിന് സാധ്യയുണ്ടെന്നും ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് കര്‍ശന ജാഗ്രത വേണമെന്ന നിര്‍ദേശം സര്‍ക്കാര്‍ പൊലീസിന് നല്‍കിയിരിക്കുന്നത്.
സോഷ്യല്‍ മീഡിയ വഴി ജാഥയുമായി ബന്ധപ്പെട്ട ഒരു തരത്തിലുള്ള വിവരങ്ങളും പങ്കുവെക്കരുതെന്ന കര്‍ശന നിര്‍ദേശം പ്രവര്‍ത്തകര്‍ക്ക് ആര്‍.എസ്.എസ് നേതാക്കള്‍ നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളാണ് ജാഥയ്ക്ക് നേതൃത്വം നല്‍കുന്നത്. ഫോണ്‍ വിളിച്ചോ, സമൂഹമാധ്യങ്ങളിലൂടെയോ പറയുന്നതിന് പകരം പ്രവര്‍ത്തകരെ നേരിട്ടുകണ്ട് പ്രകടനത്തില്‍ പങ്കെടുക്കാനാണ് നേതാക്കള്‍ ആവശ്യപ്പെടുന്നത്.
ആലപ്പുഴയിലാണ് കൂടുതല്‍ ജാഗ്രത വേണ്ടതെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. എസ്.ഡി.പി.ഐ ശക്തികേന്ദ്രത്തിലടക്കം ആലപ്പുഴയൊന്നാകെ പൊലീസിനെ വിന്യസിക്കാനാണ് സംസ്ഥാന പൊലീസ് മേധാവിയുടെ തീരുമാനം. എല്ലാ ജില്ലാ പൊലീസ് മേധാവികള്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശവും ഡി.ജി.പി നല്‍കിയിട്ടുണ്ട്.