കണ്ണൂര്‍: ആര്‍.എസ്.എസ് മണ്ഡല്‍ കാര്യവാഹകിനെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ വധിക്കാന്‍ ശ്രമിച്ച കേസ് ഒത്തുതീര്‍പ്പാക്കി. അന്വേഷണം പൂര്‍ത്തിയായി വിചാരണ തുടങ്ങിയ ഘട്ടത്തിലാണ് കേസ് ഒത്തുതീര്‍പ്പാക്കിയത്.
ആര്‍.എസ്.എസ് മണ്ഡല്‍ കാര്യവാഹക് ആയിരുന്ന തയ്യില്‍ ഐശ്വര്യയിലെ ശശിധരന്റെ മകന്‍ ശശാങ്കനെയാണ് പോപ്പുലര്‍ ഫ്രണ്ടുകാര്‍ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. കണ്ണൂര്‍ ജില്ലാ ആശുപത്രി പരിസരത്ത് 2009 മാര്‍ച്ച് 15നായിരുന്നു സംഭവം.
പറമ്പത്ത് ജംഷീര്‍, പുത്തന്‍പുരയില്‍ സാജിദ്, പഴയ പുരയില്‍ ലത്തീഫ്, പി. ഹാഷിം, ടി.കെ ഷാജഹാന്‍, കുന്നുമ്മല്‍ മുബഷീര്‍ തുടങ്ങിയവരായിരുന്നു പ്രതികള്‍. പ്രതികളെ തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്ന് വാദിഭാഗം മൊഴി നല്‍കിയതോടെ കോടതി കേസ് നടപടികള്‍ തുടരുന്നത് ഒഴിവാക്കുകയായിരുന്നു.
പോപ്പുലര്‍ ഫ്രണ്ടുകാര്‍ പരുക്കേല്‍പ്പിച്ച സായൂജ് എന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകനെ കാണാനെത്തിയതായിരുന്നു ശശാങ്കന്‍. ശശാങ്കന്റെ വധത്തെത്തുടര്‍ന്ന് കണ്ണൂരില്‍ പരിസരത്തും ആര്‍.എസ്.എസുകാര്‍ അക്രമപരമ്പരയ്ക്ക് തുടക്കമിട്ടു. പള്ളിക്കുന്നിലെ ഫര്‍ണിച്ചര്‍ സ്ഥാപനം കത്തിക്കുകയും മാര്‍ക്കറ്റിലെ ചില കടകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.