അമര്‍ത്യാ സെന്‍ രാജിവെച്ചൊഴിഞ്ഞ നളന്ദ സര്‍വകലാശാല വി.സി സ്ഥാനത്തേക്ക് ആര്‍.എസ്.എസുകാരനെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
Daily News
അമര്‍ത്യാ സെന്‍ രാജിവെച്ചൊഴിഞ്ഞ നളന്ദ സര്‍വകലാശാല വി.സി സ്ഥാനത്തേക്ക് ആര്‍.എസ്.എസുകാരനെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th December 2016, 3:49 pm

amartya-sen-sudarshana-rao


ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ അധ്യക്ഷനായ വൈ. സുദര്‍ശന്‍ റാവുവിനെ നളന്ദ സര്‍വകലാശാല വി.സിയാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കമെന്ന് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 


ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ അമിത ഇടപെടലുകളില്‍ പ്രതിഷേധിച്ച് നൊബേല്‍, ഭാരത രത്‌ന ജേതാവും ലോകം ആദരിക്കുന്ന സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യാ സെന്‍ രാജിവെച്ചൊഴിഞ്ഞ നളന്ദ സര്‍വകലാശാല വി.സി സ്ഥാനത്തേക്ക്, ആര്‍.എസ്.എസുകാരന്‍ നിയമിതനാകുന്നു.

ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ അധ്യക്ഷനായ വൈ. സുദര്‍ശന്‍ റാവുവിനെ നളന്ദ സര്‍വകലാശാല വി.സിയാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കമെന്ന് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റേതാണ് തീരുമാനം.

സിംഗപ്പൂര്‍ മുന്‍ വിദേശകാര്യ മന്ത്രിയും പണ്ഡിതനുമായ ജോര്‍ജ് യോ നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് സര്‍വകലാശാലയിലെ വി.സി സ്ഥാനം ഒഴിഞ്ഞിരുന്നു. ഇതിനു പിന്നാലെയായിരുന്നു അമര്‍ത്യാ സെന്നിന്റെ നിയമനം. എന്നാല്‍ കേന്ദ്ര ഇടപെടലുകളെ തുടര്‍ന്ന് അദ്ദേഹവും രാജിവെക്കാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാവിവല്‍കരിക്കുന്നതിന്റെ തുടര്‍ച്ചയായാണ് ലോകം ആദരിക്കുന്ന നൊബേല്‍ ജേതാവായ അമര്‍ത്യാ സെന്നിനെ വെറുപ്പിച്ചുവിട്ട് പകരം ആര്‍.എസ്.എസുകാരനെ നിയമിക്കുന്നതെന്ന് വിമര്‍ശനമുയരുന്നുണ്ട്.


160ലേറെ അപേക്ഷകളാണ് വി.സി സ്ഥാനത്തേക്കുണ്ടായിരുന്നത്. ഹൈദരാബാദിലെ ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജസ് സര്‍വകലാശാല (ഇ.എഫ്.എല്‍.യു) വി.സി പ്രൊഫ. സുനൈന സിങ്, ജെ.എന്‍.യുവില്‍ അധ്യാപകനായ മകരന്ദ് പരഞ്ജപ്പേ, ചരിത്രകാരി നിര്‍മ്മല ശര്‍മ എന്നിവരും പരിഗണനാപട്ടികയില്‍ ഉണ്ടായിരുന്നു.

എന്നാല്‍ ആര്‍.എസ്.എസുമായുള്ള അടുപ്പത്തിന്റെ അടിസ്ഥാനത്തില്‍ സുദര്‍ശന റാവുവിനെ നിയമിക്കാന്‍ സംഘപരിവാര്‍, മാനവവിഭവശേഷി മന്ത്രാലയത്തോട് നിര്‍ദേശിച്ചതായാണ് വിവരമെന്ന് ഡെക്കാന്‍ ക്രോണിക്കിളിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജനുവരിയില്‍ സുദര്‍ശന റാവുവിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവുണ്ടാകുമെന്നാണു കരുതുന്നത്. 2014ല്‍ ഐ.സി.എച്ച്.ആറിന്റെ അധ്യക്ഷനായി മോദി സര്‍ക്കാര്‍ സുദര്‍ശന റാവുവിനെ നിയമിച്ചത് വിവാദമായിരുന്നു. നിയമനത്തിനെതിരെ റൊമീളാ ഥാപ്പര്‍ അടക്കമുള്ള പ്രമുഖ ചരിത്ര പണ്ഡിതര്‍ രംഗത്തെത്തിയിരുന്നു. ചരിത്രത്തെ കാവിവല്‍കരിക്കാനുള്ള നീക്കമെന്നായിരുന്നു റാവുവിന്റെ നിയമനത്തിനെതിരെ അന്നുയര്‍ന്ന വിമര്‍ശനം.


പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി ബി.ജെ.പിയുടെ അടുപ്പക്കാരനായ ഗജേന്ദ്ര ചൗഹാനെ നിയമിച്ചതും ഏറെ വിവാദമായിരുന്നു. മതിയായ യോഗ്യതയില്ലാത്ത ചൗഹാന്റെ നിയമനത്തിനെതിരെ ക്യാംപസില്‍ വന്‍ പ്രതിഷേധ സമരങ്ങള്‍ അരങ്ങേറിയിരുന്നു. മൂന്ന് മാസത്തോളം ഇത് നീണ്ടുനിന്നു. മഹാഭാരതം സീരിയലില്‍ യുധിഷ്ടിരനായി വേഷമിട്ട ചൗഹാനെ കഴിഞ്ഞ വര്‍ഷം ജൂണിലാണ് ചെയര്‍മാനായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചിരുന്നത്.

നേരത്തെ നോട്ടു നിരോധന നടപടിയെ കടുത്തഭാഷയില്‍ വിമര്‍ശിച്ചും അമര്‍ത്യാ സെന്‍ രംഗത്തുവന്നിരുന്നു. ഇത്തരം ആശയവും അത് നടപ്പിലാക്കിയ രീതിയും ഒരു സ്വേച്ഛാധിപത്യ സര്‍ക്കാരിന്റെ സ്വഭാവത്തെയാണ് കാണിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്ത സര്‍ക്കാരിന്റെ മറ്റൊരു പരാജയമാണ് ഈ നടപടിയെന്നും അമര്‍ത്യാ സെന്‍ പറഞ്ഞിരുന്നു.