| Tuesday, 12th October 2021, 9:28 am

ഇന്ത്യയിലെ ക്രിസ്ത്യന്‍സഭകളിലെ പീഡനങ്ങള്‍ അന്വേഷിക്കണം; ആര്‍.എസ്.എസ് മുഖപത്രം പാഞ്ചജന്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയിലെ ക്രിസ്തീയ സഭകളിലെ ലൈംഗിക പീഡനങ്ങളില്‍ പ്രത്യേക അന്വേഷണം വേണമെന്ന് ആര്‍.എസ്.എസ് മുഖപത്രം പാഞ്ചജന്യ.

പാഞ്ചജന്യയുടെ ഒക്ടോബര്‍ 17 ലക്കത്തിലെ കവര്‍സ്‌റ്റോറിയിലാണ് അന്വേഷണം ആവശ്യപ്പെട്ട് എഴുതിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇത് പുറത്തിറങ്ങിയത്.

ഫ്രാന്‍സില്‍ നിന്നടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ക്രിസ്ത്യന്‍ സഭകള്‍ കേന്ദ്രീകരിച്ച് നടന്ന പീഡനങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ആര്‍.എസ്.എസ് വിഷയത്തിന്മേല്‍ ലേഖനമെഴുതിയത്.

കേരളത്തിലെ സഭകളില്‍ നടക്കുന്ന പീഡനവും ആര്‍.എസ്.എസ് ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

കേരളത്തിലെ സഭയ്ക്കുള്ളില്‍ കന്യാസ്ത്രീകളും ചെന്നൈയിലെ മിഷനറി കോളേജില്‍ യുവതിയും പീഡനത്തിനിരയായ സംഭവം ഉദാഹരണമായി ലേഖനത്തില്‍ പറയുന്നു. ജാര്‍ഖണ്ഡിലും ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും സഭയ്ക്കും പുരോഹിതന്മാര്‍ക്കുമെതിരെ അന്വേഷണം വേണമെന്നുമാണ് ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നത്.

ഫ്രാന്‍സിലെ കത്തോലിക്കാ പുരോഹിതര്‍ മൂന്ന് ലക്ഷത്തിലധികം കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കഴിഞ്ഞദിവസങ്ങളില്‍ റിപ്പോര്‍ട്ട് വന്നിരുന്നു. 1950നും 2020നും ഇടയിലായാണ് കുട്ടികളെ ചൂഷണത്തിനിരയാക്കിയതെന്നായിരുന്നു റിപ്പോര്‍ട്ട്. സംഭവത്തില്‍ 3000 പുരോഹിതര്‍ കുറ്റക്കാരാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

അന്വേഷണം നടത്തിയ കമ്മീഷന്റെ ചെയര്‍മാനായ ഴീന്‍-മാര്‍ക്ക് സൗവേയുടെ അഭിപ്രായത്തില്‍, ശാസ്ത്രീയ ഗവേഷണം അടിസ്ഥാനമാക്കിയുള്ള കണക്കെടുപ്പില്‍, സഭയിലെ നേരിട്ടുള്ള പുരോഹിതന്മാരും, മറ്റ് ആത്മീയ നേതാക്കളും, സഭയുമായി ബന്ധപ്പെട്ടിട്ടുള്ള മറ്റാളുകളും കുറ്റം ചെയ്തതായി കണ്ടെത്തിയിരുന്നു.

പുരോഹിതരുടെ പ്രവര്‍ത്തി നാണക്കേടുണ്ടാക്കിയെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രതികരിച്ചിരുന്നു. സംഭവം തനിക്കും സഭയ്ക്കും നാണക്കേടുണ്ടാക്കിയെന്നും മാര്‍പ്പാപ്പ പറഞ്ഞിരുന്നു. ഇരകളോട് അദ്ദേഹം മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ അവിടെ സ്വതന്ത്രസമിതി നടത്തിയ അന്വേഷണവും മാര്‍പ്പാപ്പ മാപ്പ് ചോദിച്ചതും ഔപചാരികത മാത്രമാണെന്നും ഇതിന് ശേഷവും സഭയില്‍ പീഡനങ്ങള്‍ തുടരുന്നുണ്ടെന്നും പാഞ്ചജന്യയില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: RSS magazine Panchjanya wrote about sexual exploitation in Christian churches and demands investigation in India

We use cookies to give you the best possible experience. Learn more