ന്യൂദല്‍ഹി: ഇ-കൊമേഴ്സ് കമ്പനിയായ ആമസോണ്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തനത്തിന് ധനസഹായം ചെയ്യുന്നുണ്ടെന്ന് ആര്‍.എസ്.എസ് മാസിക ‘ഓര്‍ഗനൈസര്‍’.
ഇന്ത്യയിലെ ഓരോ ഇടപാടിനും ആനുപാതികമായി അമേരിക്കന്‍ ബാപ്റ്റിസ്റ്റ് മിഷന്റെ (എ.ബി.എം) മതംമാറ്റ സംരംഭത്തിന് പണം കൊടുക്കുന്നുവെന്നാണ് ‘അമേസിങ് ക്രോസ് കണക്ഷന്‍’ എന്ന ലേഖനത്തിലൂടെ ഓര്‍ഗനൈസര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓള്‍ ഇന്ത്യ മിഷന്‍ (എ.ഐ.എം) എന്ന സംഘടന വഴിയാണ് എ.ബി.എം മതപരിവര്‍ത്തനം നടത്തുന്നതെന്നും ലേഖനം ആരോപിക്കുന്നു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ 25,000 ആളുകളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതായി എ.ഐ.എം വെബ്‌സൈറ്റില്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും ‘അമേസിങ് ക്രോസ് കണക്ഷന്‍’ എന്ന ലേഖനത്തില്‍ ആരോപിക്കുന്നുണ്ട്.
അടുത്തകാലത്ത് അസമില്‍ അറസ്റ്റിലായ 10 സ്വീഡിഷ്, ജര്‍മന്‍ സുവിശേഷകര്‍ അംസങ് വനമേഖലയിലെ 130 ഹിന്ദു കുടുംബങ്ങളില്‍ 128 കുടുംബങ്ങളെ ക്രിസ്തുമതത്തിലേക്ക് മാറ്റിയെന്നും, എ.ഐ.എമ്മിന്റെ മറ്റൊരു സംഘടനയായ കാല്‍വരി ഗോസ്പല്‍ മിനിസ്ട്രീസ് ഇന്ത്യയിലാകെ പ്രാര്‍ഥനാ ഭവന്‍ എന്ന പേരില്‍ പള്ളികള്‍ സ്ഥാപിച്ച് ആളുകളെ ആകര്‍ഷിക്കുന്നുവെന്നും ലേഖനത്തില്‍ അവകാശപ്പെടുന്നുണ്ട്.
ആമസോണില്‍ നിന്നു സാധനങ്ങള്‍ വാങ്ങുന്നത് ‘ആമസോണ്‍ സ്മൈല്‍’ പദ്ധതി വഴി മിഷന്റെ ദൗത്യത്തെ സഹായിക്കുമെന്ന് അവര്‍ തന്നെ പ്രചരിപ്പിച്ചിരുന്നതായും പരാമര്‍ശമുണ്ട്. ദേശീയ ബാലാവകാശ കമ്മിഷന്‍ വിശദീകരണം ചോദിച്ചപ്പോള്‍ തങ്ങളുടെ യു.എസ് ഓഫീസ് എ.ഐ.എമ്മിനു പണം നല്‍കുന്നതായി ആമസോണ്‍ സമ്മതിച്ചതായും ലേഖനത്തില്‍ പറയുന്നു.
എന്നാല്‍, ഓര്‍ഗനൈസറിന്റെ ആരോപണം തള്ളി ആമസോണ്‍ രംഗത്തെത്തി. ഓള്‍ ഇന്ത്യ മിഷനുമായി ബന്ധമില്ലെന്ന് ആമസോണ്‍ ഇന്ത്യ വക്താവ് പറഞ്ഞു. ‘ആമസോണ്‍ സ്മൈല്‍’ പദ്ധതി ഇന്ത്യയിലില്ല. മറ്റു രാജ്യങ്ങളില്‍ പദ്ധതിയുടെ ഭാഗമായ ജീവകാരുണ്യസംഘടനകളുടെ താല്‍പര്യങ്ങളെ ‘ആമസോണ്‍ സ്മൈല്‍’ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ആമസോണ്‍ അധികൃതര്‍ അറിയിച്ചു.
അതേസമയം, തങ്ങള്‍ക്കനുകൂലമായ സര്‍ക്കാര്‍ നയങ്ങള്‍ക്കായി കോടിക്കണക്കിന് രൂപ ആമസോണ്‍ കൈക്കൂലി നല്‍കിയെന്ന് ആര്‍.എസ്.എസിന്റെ ഹിന്ദി വാരികയായ ‘പാഞ്ചജന്യ’ കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ആരോപിച്ചിരുന്നു.
ആമസോണിനും ഫ്‌ളിപ്കാര്‍ട്ടിനും രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ നല്‍കിയ അനുമതി പിന്‍വലിക്കണമെന്ന് സംഘപരിവാര്‍ സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ചും നേരത്തേ ആവശ്യപ്പെട്ടിരുന്നു.
Content Highlight: RSS Magazine ‘Organiser’ Accuses Amazon Of Funding Religious Conversions In Northeast India