ന്യൂദല്‍ഹി: തുര്‍ക്കി പ്രഥമ വനിത എമിന്‍ എര്‍ദോഗനുമായി കൂടിക്കാഴ്ച നടത്തിയ നടന്‍ ആമിര്‍ഖാനെതിരെ ആര്‍.എസ്.എസ്. ആര്‍.എസ്.എസ് മുഖപത്രമായ പാഞ്ചജന്യയിലാണ് ആമിര്‍ഖാനെതിരായ വിമര്‍ശനമുള്ളത്.
ലഗാന്‍, സര്‍ഫറോഷ്, 1857: ദി റൈസിംഗ് തുടങ്ങിയ സിനിമകള്‍ ചെയ്തിട്ടുള്ള ആമിര്‍ഖാന്റെ പുതിയ സിനിമകള്‍ ദേശീയത മുന്‍നിര്‍ത്തിയുള്ളതല്ലെന്ന് പാഞ്ചജന്യ എഡിറ്റര്‍ ഹിതേഷ് ശങ്കര്‍ ദി ഹിന്ദുവിനോട് പറഞ്ഞു.
‘ആമിര്‍ഖാനും എമിന്‍ എര്‍ദോഗാനും തമ്മിലുള്ള കൂടിക്കാഴ്ച ദേശീയവികാരത്തെ വ്രണപ്പെടുത്തുന്നതാണ്. എര്‍ദൊഗാന്‍ സര്‍ക്കാര്‍ ഇന്ത്യ സര്‍ക്കാരിന്റെ കശ്മീരിലെ ഇടപെടലിനെ എതിര്‍ത്തവരാണ്’
മറ്റ് ഇന്ത്യന്‍ സിനിമാതാരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആമിര്‍ ഖാന്‍ ചൈനയില്‍ ഇത്രയധികം ജനപ്രീതി നേടിയത് എന്തുകൊണ്ടാണെന്നും ദങ്കല്‍ എന്തുകൊണ്ടാണ് സുല്‍ത്താനേക്കാള്‍മികച്ച പ്രകടനം കാഴ്ചവെച്ചതെന്നും അദ്ദേഹം ചോദിച്ചു.
‘ഡ്രാഗണ്‍ കാ പ്യാരാ ഖാന്‍’ എന്ന തലക്കെട്ടിലാണ് ലേഖനം. അജയ് ദേവ്ഗണ്‍, അക്ഷയ് കുമാര്‍, കങ്കണ റണൗട്ട് എന്നിവരെ ലേഖനത്തില്‍ പ്രകീര്‍ത്തിക്കുന്നുമുണ്ട്. ദേശീയ വികാരങ്ങളെ മുന്‍നിര്‍ത്തിയാണ് മൂവരും സിനിമയെ സമീപിക്കുന്നതെന്നും ലേഖനത്തില്‍ പറഞ്ഞുവെക്കുന്നു.
പുതിയ ചിത്രം ‘ലാല്‍ സിംഗ് ചദ്ദ’യുടെ ഷൂട്ടിംഗിനായി ആമിര്‍ ഖാന്‍ തുര്‍ക്കിയിലെത്തിയപ്പോഴായിരുന്നു എമിനുമായുള്ള സന്ദര്‍ശനം. ആഗസ്ത് 15 ന്, ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യദിനത്തിലാണ് ഇസ്താംബൂളിലെ ഹുബര്‍ മാന്‍ഷനിലുള്ള തന്റെ പ്രസിഡന്‍ഷ്യല്‍ വസതിയിലേക്ക് എമിന്‍ ആമിര്‍ ഖാനെ ക്ഷണിച്ചത്.
ആമിറുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് എമിന്‍ എര്‍ദോഗന്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു. ”ലോകപ്രശസ്ത ഇന്ത്യന്‍ നടനും സംവിധായകനുമായ ആമിര്‍ ഖാനെ ഇസ്താംബുളില്‍ കണ്ടുമുട്ടിയതില്‍ എനിക്കേറെ സന്തോഷമുണ്ട്. തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ അദ്ദേഹം തുര്‍ക്കിയുടെ വിവിധഭാഗങ്ങളില്‍ ചിത്രീകരിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്. ഞാനതിനായി കാത്തിരിക്കുന്നു,” എമിന്‍ പറഞ്ഞു.
സിനിമകളിലൂടെ സാമൂഹിക പ്രശ്‌നങ്ങളെ അഡ്രസ് ചെയ്യുന്നതിന് എമിന്‍ എര്‍ദോഗന് ആമിര്‍ഖാനെ അഭിനന്ദിച്ചുവെന്നും തുര്‍ക്കി പ്രസിഡന്‍സി ഓഫ് റിപ്ലബ്ലിക്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
2020 ഡിസംബര്‍ 25ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ‘ലാല്‍ സിംഗ് ചദ്ദ’ യുടെ റിലീസ് അടുത്തിടെ കൊവിഡിന്റെ പശ്ചാത്തലത്തില്‍ 2021 ഡിസംബറിലേക്കായി മാറ്റിവച്ചിരുന്നു. കരീന കപൂര്‍, മോനാ സിംഗ്, തമിഴ് താരം വിജയ് സേതുപതി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ടോം ഹാങ്ക്സിന്റെ ‘ഫോറസ്റ്റ് ഗമ്പ്’ എന്ന ചിത്രത്തിന്റെ ഔദ്യോഗിക റീമേക്കാണ് ചിത്രം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക