ന്യൂദല്‍ഹി: മലയാള നടന്‍ നീരജ് മാധവ് അഭിനയിച്ച ആമസോണ്‍ പ്രൈം വെബ് സീരീസായ ദ ഫാമിലി മാനെതിരെ ആര്‍.എസ്.എസ് മാസികയായ പാഞ്ചജന്യ. വെബ്‌സീരിസിലെ ചില എപിസോഡുകളില്‍ കശ്മീര്‍, ഭീകരതാ വിഷയങ്ങളില്‍ ദേശവിരുദ്ധ ഉള്ളടക്കങ്ങളുണ്ടെന്ന് മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.
സീരീസിലെ ഒരു എന്‍.ഐ.എ ഉദ്യോഗസ്ഥയായ കഥാപാത്രം, കശ്മീരിലെ ജനങ്ങളെ ഇന്ത്യന്‍ സ്റ്റേറ്റ് അടിച്ചമര്‍ത്തുകയാണെന്ന് പറയുന്നുണ്ടെന്നും തീവ്രവാദികളും ഭരണകൂടവും തമ്മില്‍ വ്യത്യാസമില്ലാതായെന്നും പറയുന്നതായി ലേഖനം പറയുന്നു.
രാജ്, ഡി.കെ എന്നിവര്‍ സംവിധാനം ചെയ്തിരിക്കുന്ന ‘ഫാമിലി മാന്‍’ തീവ്രവാദം തെറ്റല്ലെന്നും തീവ്രവാദികളാകുന്നവരെ ന്യായീകരിക്കുന്നുവെന്നും ലേഖനത്തില്‍ പറയുന്നു.
2002ലെ ഗുജറാത്ത് കലാപത്തിന് ശേഷമാണ് ഭീകരവാദം ഉണ്ടായതെന്ന് ചിത്രം പറഞ്ഞ് വെക്കുന്നു. കലാപത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ടയാള്‍ ഭീകരവാദിയാവുന്നതായി കാണിക്കുന്നുണ്ട്. എന്നാല്‍ 300 ലധികം ഹിന്ദുക്കള്‍ കലാപത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അവരുടെയാരും തീവ്രവാദികളാകാത്തത് എന്തുകൊണ്ടാണെന്നും ലേഖനത്തില്‍ ചോദിക്കുന്നുണ്ട്.
തീവ്രവാദികള്‍ക്ക് ദയാനുകമ്പ നേടിക്കൊടുക്കുന്ന ഇത്തരം വെബ്‌സീരീസുകള്‍ക്ക് പിന്നില്‍ ഇടതുപക്ഷക്കാരും കോണ്‍ഗ്രസ് അനുഭാവികളുമായ നിര്‍മ്മാതാക്കളാണെന്നും കഴിഞ്ഞ രണ്ടു വര്‍ഷമായി ‘ദേശവിരുദ്ധ’വും ‘ഹിന്ദുവിരുദ്ധ’വുമായ ഉള്ളടക്കങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്നും ലേഖനം ആരോപിക്കുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ