| Wednesday, 22nd February 2017, 9:55 am

സി.പി.ഐ.എം നേതാക്കളെ വധിക്കാനും കലാപമുണ്ടാക്കാനും ആര്‍.എസ്.എസ് പദ്ധയിട്ടു: വെളിപ്പെടുത്തലുമായി ആര്‍.എസ്.എസ് നേതാവിന്റെ വാര്‍ത്താസമ്മേളനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബാലുശ്ശേരി: സി.പി.ഐ.എം പ്രാദേശിക നേതാക്കളെ വധിക്കാനുള്ള ആര്‍.എസ്.എസ് ഗൂഢനീക്കങ്ങള്‍ തുറന്നുപറഞ്ഞ് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍.

ബാലുശ്ശേരി കോക്കല്ലൂര്‍ പ്രദേശത്തെ ആര്‍.എസ്.എസ്, ബി.ജെ.പി. വി.എച്ച്.പി, ബി.ജെ.പി തുടങ്ങിയ സംഘടനകളുടെ സജീവപ്രവര്‍ത്തകനുമായിരുന്ന കോക്കല്ലൂര്‍ തുള്ളിലേരി മീത്തര്‍ ടി.എല്‍ അനൂപാണ് ആര്‍.എസ്.എസ് നടത്തിയ ഗൂഢനീക്കങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ തുറന്ന് പറഞ്ഞത്.

ഒന്‍പത് വര്‍ഷമായി ആര്‍.എസ്.എസ്- വി.എച്ച്.പി സംഘടനകളുടെ മുഖ്യചുമതലക്കാരനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു അനൂപ്. എന്നാല്‍ ആര്‍.എസ്.എസിന്റെ ക്രിമിനല്‍വത്ക്കരണം ചോദ്യം ചെയ്തതോടെ തന്നെ സംഘപരിവാര്‍ അക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് അനൂപ് ആരോപിക്കുന്നു.

ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി നിജീഷ്, സി.പി.ഐ.എം കോക്കല്ലൂര്‍ ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി ടി.സി ഗണേശന്‍ എന്നിവരെ കൊലപ്പെടുത്താന്‍ സംഘപരിവാര്‍ സംഘടനകള്‍ പദ്ധതിയിട്ടിരുന്നെന്നും എന്നാല്‍ ഈ തീരുമാനത്തെ എതിര്‍ത്തതോടെ തന്നെ ഇല്ലാതാക്കാന്‍ ക്വട്ടേഷന്‍ സംഘങ്ങളെ ഏര്‍പ്പാടാക്കിയതായി സുഹൃത്തുക്കളിലൂടെ അറിയാന്‍ കഴിഞ്ഞതായും അനൂപ് പറയുന്നു.


Dont Miss നടിക്കെതിരായ ആക്രമണം; പ്രമുഖ നടന്റെ മൊഴിയെടുത്തു, യുവനടന്റെ വീട്ടില്‍ നിന്നും ഫ്‌ളാറ്റില്‍ നിന്നും ഒരാളെ കസ്റ്റഡിയിലെടുത്തു, സുനി പിടിയിലായെന്നും സൂചന


ഇത് സി.പി.ഐ.എമ്മിനെതിരെ തിരിച്ച് ആസൂത്രിത കലാപമുണ്ടാക്കാനും ബ്ലോക്ക് പഞ്ചായത്ത് അംഗവും സി.പി.ഐ.എം ബാലുശ്ശേരി ലോക്കല്‍ സെക്രട്ടറിയുമായ പി.എന്‍ അശോകനെ വധിക്കാനും ആര്‍.എസ്.എസ് ഗൂഢാലോചന നടത്തിയതായും അനൂപ് വെളിപ്പെടുത്തി.

ഇതില്‍ താത്പര്യമില്ലെന്ന് പ്രകടിപ്പിക്കുന്നതുകൊണ്ടും രാഷ്ട്രീയത്തിന് അതീതമായി വ്യക്തിബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനാലും തന്നെ ഒറ്റുകാരനായി കണക്കാക്കി വകവരുത്താനുള്ള പദ്ധതികള്‍ അവര്‍ തയ്യാറാക്കിയിട്ടുണ്ട്. ക്വട്ടേഷന്‍ സംഘാംഗങ്ങളെന്ന് സംശയിക്കുന്ന ചിലരെ കഴിഞ്ഞ കുറച്ചുദിവസങ്ങളായി വീടിന്റെ പരിസരങ്ങളില്‍ കണ്ടതായും അനൂപ് പറഞ്ഞു.

ആര്‍.എസ്.എസും ബി.ജെ.പിയും ഉള്‍പ്പെട്ട നിരവധി കേസുകളെ കുറിച്ച് നേരിട്ടറിയാവുന്ന വസ്തുതകളുണ്ടെന്നും അനൂപ് പറഞ്ഞു. നിരവധി തവണ ഡി.വൈ.എഫ്.ഐ സി.പി.ഐ.എം കൊടിമരവുംസ്തൂപവും ബോര്‍ഡുകളും നശിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിന്‍ സത്യന്റെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കത്തിച്ചത് ആര്‍.എസ്.എസ് ശാഖാ ശിക്ഷകിന്റെ നേതൃത്വത്തിലാണ്. സംഘത്തിലേക്ക് ചെറുപ്പക്കാരെ ആകര്‍ഷിക്കാന്‍ കഞ്ചാവും മദ്യവും വിതരണം ചെയ്യാറുണ്ടെന്നും അനൂപ് പറയുന്നു.

തികച്ചും പൈശാചികവും സമാധാനാന്തരീക്ഷം തകര്‍ക്കുന്നതുമായ നിലപാടില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകളുമായുള്ള ബന്ധം ഉപേക്ഷിച്ച് സി.പി.ഐ.എമ്മുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായും അനൂപ് പറഞ്ഞു.

തനിക്കെതിരെ വലിയ ഭീഷണിയാണ് ഉള്ളതെന്നും സംഘപരിവാര്‍ നീക്കം സംബന്ധിച്ച് വടകര റൂറല്‍ എസ്.പിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് നിയമനടപടികള്‍ ഉണ്ടാകണമെന്നും അനൂപ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറി പി.എം അശോകന്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ കെ. ഷാജി ടി.സി രജില്‍കുമാര്‍, എന്‍.പി നദീഷ്‌കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

We use cookies to give you the best possible experience. Learn more