ഗോവ: സെയ്ന്റ് ഫ്രാന്‍സിസ് സേവിയറിനെതിരെ മുന്‍ ഗോവ ഘടകം ആര്‍.എസ്.എസ് മേധാവി നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഗോവന്‍ ജനത. ഗോവയുടെ രക്ഷാധികാരിയായി ജനങ്ങള്‍ കാണുന്ന സെന്റ് ഫ്രാന്‍സിസ് ഗോഞ്ചോ സായ്ബ് (ഗോവയുടെ സംരക്ഷകന്‍) അല്ലെന്ന സുഭാഷ് വെല്ലിങ്കയുടെ പരാമര്‍ശത്തിനെതിരെയാണ് ഗോവന്‍ ജനതയുടെ പ്രതിഷേധം.
കുറച്ച് ദിവസം മുമ്പ് ആര്‍.എസ്.എസ് നേതാവ് സെന്റ് ഫ്രാന്‍സ് സേവ്യറിന്റെ തിരുശേഷിപ്പുകളുടെ ഡി.എന്‍.എ ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെട്ടിരുന്നു. ഗോവന്‍ ജനത ആരാധിക്കുന്ന സെന്റ് ഫ്രാന്‍സിസിനെ ഗോവയുടെ സംരക്ഷകനായി കാണാനാവില്ലെന്നും നേതാവ് പറഞ്ഞു.
മുമ്പും ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജനങ്ങളും പ്രതിപക്ഷ പാര്‍ട്ടികളും പ്രതിഷേധം ശക്തമാക്കിയത്.
ആര്‍.എസ്.എസ് നേതാവ് സമുദായിക സൗഹാര്‍ദം നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞ് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തുകയായിരുന്നു.
പിന്നാലെ വെലിങ്കറെ അറസ്റ്റ് ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി മുന്‍ മുഖ്യമന്ത്രി ചര്‍ച്ചില്‍ അലമാവോ പൊലീസിന് പരാതി നല്‍കി.
‘വെലിങ്കറന്റെ ഡി.എന്‍.എ ടെസ്റ്റ് നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഗോവയില്‍ എല്ലാ മതത്തിലുള്ള ആളുകളും സമാധാനമായി ജീവിക്കുന്നു. എന്നാല്‍ വെലിങ്കറിനെ പോലെയുള്ള ആളുകള്‍ മതസൗഹാര്‍ദം നശിപ്പിക്കാനായി കാലങ്ങളായി ശ്രമിക്കുന്നുണ്ട്. അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ ഫ്രാന്‍സിസ് സേവിയറിനെ ആരാധിക്കുന്ന ആളുകള്‍ക്കിടയില്‍ ബുദ്ധിമുട്ടുണ്ടാക്കും. ഞാന്‍ കോല്‍വ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്,’ മുന്‍ ഗോവ മുഖ്യമന്ത്രി പ്രതികരിച്ചു.
പരശുരാമനാണ് ഗോവയുടെ സംരക്ഷകനെന്നും ഗോവന്‍ ജനതയെ ഇത് ബോധിപ്പിക്കാനായി ദി.ഗോവ ഫയല്‍സെന്ന പേരില്‍ ക്യാമ്പയിന്‍ നടത്തുമെന്നും നേതാവ് നേരത്തെ പറഞ്ഞിരുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ മുന്‍ ഗോവ മുഖ്യമന്ത്രിയുടെ പരാതിയില്‍ പൊലീസ് ഇതുവരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.
Content Highlight: rss leaders statement against saint francis xavier in goa