സന്നിധാനം: ശബരിമല സന്നിധാനത്ത് സംഘപരിവാറിന്റെ ആചാരലംഘനം. ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി പതിനെട്ടാം പടിയില്‍ പുറംതിരിഞ്ഞ് നിന്ന് പ്രസംഗിക്കുകയും ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറുകയുമായിരുന്നു. പതിനെട്ടാം പടി പ്രസംഗ പീഠമാക്കിയ വത്സന്‍ തില്ലങ്കേരിയുടെ നടപടിക്കെതിരെ വലിയ വിമര്‍ശനം ഉയരുന്നുണ്ട്.
ഇന്ന് രാവിലെയാണ് വത്സന്‍ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയില്‍ എത്തുകയും പുറംതിരിഞ്ഞ് നിന്ന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തത്. ഇതിന് ശേഷം വത്സന്‍ തില്ലങ്കേരി ഇരുമുടിയില്ലാതെ പതിനെട്ടാം പടി കയറുകയും ചെയ്തു.
പൊലീസ് മൈക്കിലൂടെയും വത്സന്‍ തില്ലങ്കേരിയുടെ പ്രസംഗം ഉണ്ടായിരുന്നു. ചോറൂണിനെത്തിയ അമ്പത് വയസ്സ് കഴിഞ്ഞ സ്ത്രീയ്ക്ക് നേരെ പ്രതിഷേധക്കാര്‍ പാഞ്ഞടുത്ത സംഭവത്തെ തുടര്‍ന്ന് പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വത്സന്‍ തില്ലങ്കേരി.
നമ്മള്‍ ഇവിടെ വന്നിരിക്കുന്നത് ഭക്തന്‍മാര്‍ ആയിട്ടാണെന്നും ഇവിടെ ചിലയാളുകള്‍ ഈ കൂട്ടത്തില്‍ കുഴപ്പമുണ്ടാക്കണമെന്ന് ഉദ്ദേശിച്ചിട്ട് വന്നിട്ടുണ്ടെന്നും അവരുടെ കുതന്ത്രത്തില്‍ വീണ് പോകാന്‍ പാടില്ലെന്നുമായിരുന്നു വത്സന്‍ തില്ലങ്കേരി പറഞ്ഞത്.
പ്രായപരിധിയിലുള്ളവരെ തടയാന്‍ വേണ്ടിയിട്ടുള്ള സംവിധാനം ഇവിടെയുണ്ട്. ആചാരലംഘനം ഇവിടെ നടക്കില്ല. അതിന് ഇവിടെ പൊലീസുണ്ട്. നമ്മുടെ വളണ്ടിയര്‍മാരുണ്ട്. അവിടെ പമ്പ മുതല്‍ അതിനുള്ള സംവിധാനം ഉണ്ട്. അത് കടന്നിട്ട് ആര്‍ക്കും ഇങ്ങോട്ട് വരാന്‍ പറ്റില്ലെന്നും വത്സന്‍ തില്ലങ്കേരി പ്രസംഗിച്ചിരുന്നു.
50 വയസ്സാകാത്ത സ്ത്രീകള്‍ എത്തിയെന്ന് സംശയത്തില്‍ വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തിലെത്തിയ ആളുകള്‍ പ്രതിരോധം തീര്‍ത്തിരുന്നു. 250 ഓളം വരുന്ന പ്രതിഷേധക്കാരാണ് സ്ത്രീകള്‍ക്കെതിരെ പ്രതിഷേധിച്ചത്. തുടര്‍ന്ന് ഇവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
തൃശ്ശൂരില്‍ നിന്നുള്ള സംഘത്തിലെ ലളിത എന്ന സ്ത്രീക്ക് നേരെയാണ് പ്രതിഷേധക്കാര്‍ പാഞ്ഞടുത്തത്. ഇവര്‍ക്ക് 52 വയസ്സുണ്ട്. ഇവരോടൊപ്പം അമ്പത് വയസ്സ് കഴിഞ്ഞ സ്ത്രീകളും ഉണ്ടായിരുന്നു.
ദര്‍ശനം നടത്തിയ ശേഷം പിന്നീട് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചപ്പോഴും പ്രതിഷേധക്കാര്‍ ഇവരെ കൂക്കിവിളിച്ചു. ഇതിനിടെ പ്രതിഷേധക്കാരുടെ ദൃശ്യങ്ങള്‍ എടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണമുണ്ടായിയിരുന്നു.