പമ്പ: ശബരിമലയില്‍ ആചാരലംഘനം നടത്തിയതായി സമ്മതിച്ച് ആര്‍.എസ്.എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി. ആചാരലംഘനത്തിന് പരിഹാര ക്രിയകള്‍ ചെയ്‌തെന്നും വല്‍സന്‍ തില്ലങ്കേരി പറഞ്ഞു. തന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് പരിഹാര ക്രിയകള്‍ ചെയ്തതെന്നും വല്‍സന്‍ തില്ലങ്കേരി ചാനല്‍ ചര്‍ച്ചക്കിടെ പറഞ്ഞു.
സ്ത്രീയെ തടഞ്ഞത് നടക്കാന്‍ പാടില്ലാത്ത സംഭവമാണെന്നും സ്ത്രീയേയും കുടുംബത്തേയും ഖേദം അറിയിച്ചെന്നും വല്‍സന്‍ തില്ലങ്കേരി പറഞ്ഞു. ഇന്ന് രാവിലെയാണ് വല്‍സന്‍ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയില്‍ എത്തുകയും പുറംതിരിഞ്ഞ് നിന്ന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തത്. ഇതിന് ശേഷം വല്‍സന്‍ തില്ലങ്കേരി ഇരുമുടിയില്ലാതെ പതിനെട്ടാം പടി കയറുകയും ചെയ്തു.
എന്നാല്‍ താന്‍ ആചാരലംഘനം നടത്തിയിട്ടില്ലെന്നും ഇരുമുടുക്കെട്ടുമായാണ് പടി ചവിട്ടിയതെന്നുമായിരുന്നു സംഭവം നടന്നയുടന്‍ വല്‍സന്‍ തില്ലങ്കേരിയുടെ പ്രതികരണം. ആചാരലംഘനം നടത്തിയെന്ന് തെളിഞ്ഞാല്‍ അയ്യപ്പന് വേണ്ടി മാപ്പ് പറയാന്‍ തയ്യാറാണെന്ന് വല്‍സന്‍ തില്ലങ്കേരി അറിയിച്ചിരുന്നു. പതിനെട്ടാം പടി ചവിട്ടിയത് ഇരുമുടിക്കെട്ടുമായാണെന്നും സംശയമുണ്ടെങ്കില്‍ ആര്‍ക്കും സി.സി.ടി.വി വിഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നും വല്‍സന്‍ തില്ലങ്കേരി പറഞ്ഞിരുന്നു.
അതേസമയം, പതിനെട്ടാം പടി പ്രസംഗപീഠമാക്കിയ വല്‍സന്‍ തില്ലങ്കേരിയുടെ നടപടിക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയത് ആചാരലംഘനമാണെന്ന് തന്ത്രി കണ്ഠരര് രാജീവരും പറഞ്ഞിരുന്നു.
പൂജാരിമാര്‍ക്കും പന്തളം കൊട്ടാരം പ്രതിനിധിമാര്‍ക്കും മാത്രമാണ് ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറാനുള്ള അനുമതിയുള്ളത്. മറ്റാരെങ്കിലും ഇരുമുടിക്കെട്ടില്ലാതെ പടി ചവിട്ടുന്നത് ആചാരലംഘനമാണെന്ന് തന്ത്രി പറഞ്ഞു. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി ചവിട്ടിയത് സംബന്ധിച്ച് പരാതി കിട്ടിയാല്‍ പരിഹാരക്രിയ ചെയ്യുമെന്നും തന്ത്രി പറഞ്ഞിരുന്നു.