Advertisement
Kerala News
'കറുത്ത പ്രേതങ്ങള്‍; എംബാപ്പെയെ രാത്രി കണ്ടാല്‍ ഞെട്ടി പനി പിടിക്കും'; റേസിസ്റ്റ് അധിക്ഷേപവുമായി ടി.ജി. മോഹന്‍ദാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Dec 19, 01:51 pm
Monday, 19th December 2022, 7:21 pm

ഖത്തര്‍ ലോകകപ്പ് ഫൈനലിന് പിന്നാലെ ഫ്രാന്‍സ് ടീമിനും ഫുട്‌ബോളര്‍ കിലിയന്‍ എംബാപ്പെക്കുമെതിരെ റേസിസ്റ്റ് പരാമര്‍ശവുമായി ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ടി.ജി. മോഹന്‍ദാസ്.

ഫ്രഞ്ചുകാര്‍ വെളുത്തുതുടുത്ത സായ്പന്മാരാണെന്നാണ് താന്‍ വിചാരിച്ചതെന്നും എന്നാല്‍ അവര്‍ തന്നേക്കാള്‍ കറുത്ത പ്രേതങ്ങളാണെന്നുമാണ് ടി.ജി. മോഹന്‍ദാസ് തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ചത്.

എംബാപ്പെയെ രാത്രി വഴിയില്‍ കണ്ടാല്‍ ഞെട്ടി ഏഴ് ദിവസം പനി പിടിച്ച് കിടക്കുമെന്നും ആര്‍.എസ്.എസ് സൈദ്ധിന്തികന്റെ ട്വീറ്റില്‍ പറയുന്നു.

”ഫ്രഞ്ചുകാര്‍ വെളുത്ത് തുടുത്ത സായ്പന്മാരായിരിക്കും എന്നാണ് ഞാന്‍ വിചാരിച്ചത്. ഇതിപ്പോ…

എന്നേക്കാള്‍ കറുത്ത പ്രേതങ്ങള്‍. ആ എംബാപ്പെയെ രാത്രിയിലെങ്ങാന്‍ വഴിയില്‍ കണ്ടാല്‍ നമ്മള് ഞെട്ടി ഏഴ് ദിവസം പനി പിടിച്ച് കിടക്കും. ഹൊ,” എന്നാണ് ടി.ജി. മോഹന്‍ദാസ് ട്വീറ്റ് ചെയ്തത്.

അതേസമയം കഴിഞ്ഞ ദിവസത്തെ ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയാണ് വിജയിച്ചതെങ്കില്‍ ഫ്രാന്‍സിന്റെ സൂപ്പര്‍താരമായ എംബാപ്പെ ഹാട്രിക് ഗോളുമായി മത്സരത്തില്‍ തിളങ്ങി. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിക്കൊണ്ട് ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയതും എംബാപ്പെയാണ്.

ലോകകപ്പിന്റെ ചരിത്രത്തില്‍ ഫൈനലില്‍ ഹാട്രിക് നേടുന്ന രണ്ടാമത്തെ താരം കൂടിയായി എംബാപ്പെ മാറി.

24 വയസ് മാത്രമുള്ള എംബാപ്പെ തന്റെ കരിയറില്‍ ലോകത്തിന്റെ നെറുകെയില്‍ നില്‍ക്കുന്ന സമയമാണ് ഇതെന്നും ഇനി വരാന്‍ പോകുന്നത് ‘കിലിയുഗം’ ആണെന്നുമുള്ള തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ എംബാപ്പെയെ വാഴ്ത്തുന്ന സമയത്ത് കൂടിയാണ് ആര്‍.എസ്.എസ് സൈദ്ധാന്തികന്റെ റേസിസ്റ്റ് പരാമര്‍ശം പുറത്തുവന്നിരിക്കുന്നത്.

Content Highlight: RSS leader TG Mohandas racist tweet on France team and Kylian Mbappé