ദല്‍ഹി: രാജസ്ഥാനിലെ ഉദയ്പൂരില്‍ നടന്ന കൊലപാതകത്തെ മുസ്‌ലിം സമുദായം ഒന്നടങ്കം അപലപിക്കണമെന്ന് ആര്‍.എസ്.എസ്.
കനയ്യലാലിന്റെ കൊലപാതകത്തെ ചിലര്‍ മാത്രമാണ് അപലപിച്ച് കാണുന്നതെന്നും പരിഷ്‌കൃത സമൂഹം ഇത്തരം ചെയ്തികളെ അംഗീകരിക്കില്ലെന്നുമാണ് ആര്‍.എസ്.എസ് പ്രചാരണ വിഭാഗം മേധാവി സുനില്‍ അമ്പേകര്‍ പ്രതികരിച്ചത്.
ആവിഷ്‌കാര സ്വാതന്ത്ര്യം കരുതലോടെ വിനിയോഗിക്കണമെന്നും ലീന മണിമേഖലയുടെ കാളി ഡോക്യുമെന്ററി വിവാദത്തോട് പ്രതികരിച്ചുകൊണ്ട് സുനില്‍ അമ്പേകര്‍ പറഞ്ഞു.
നേരത്തെ ഉദയ്പൂര്‍ കൊലപാതകത്തില്‍ പ്രതികളിലൊരാളായ റിയാസ് അട്ടാരിയ്ക്ക് ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. തെളിവുകളടക്കം ഇന്ത്യാ ടുഡേയായിരുന്നു വാര്‍ത്ത പുറത്തുവിട്ടത്.
കൊലപാതകം നടത്തുന്നതിന് വളരെ മുന്‍പ് തന്നെ പ്രതികളായ ഗോസ് മുഹമ്മദ്, റിയാസ് അട്ടാരി എന്നിവര്‍ ബി.ജെ.പിയില്‍ പ്രവര്‍ത്തിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
2019ല്‍ സൗദി അറേബ്യയില്‍ നിന്നും എത്തിയ റിയാസ് അട്ടാരിയെ രാജസ്ഥാനിലെ ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച അംഗമായ ഇര്‍ഷാദ് ചെയ്ന്‍വാല സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങളും റിപ്പോര്‍ട്ടിനൊപ്പമുണ്ടായിരുന്നു.
പ്രവാചക നിന്ദ നടത്തിയ ബി.ജെ.പി മുന്‍ വക്താവ് നുപുര്‍ ശര്‍മയെ അനുകൂലിച്ച് സോഷ്യല്‍ മീഡിയ പോസ്റ്റിട്ടതിന്റെ പേരിലാണ് രണ്ട് പേരടങ്ങുന്ന സംഘം 48കാരനായ കനയ്യലാലിനെ തലയറുത്ത് കൊലപ്പെടുത്തിയതെന്നായിരുന്നു റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നത്.