ന്യൂദല്‍ഹി: ലോക തദ്ദേശീയ ദിനത്തിന് ഇന്ത്യയില്‍ പ്രസക്തിയില്ലെന്ന് ആര്‍.എസ്.എസ് നേതാവ് സത്യേന്ദ്ര സിങ്. ഗോത്ര വിഭാഗക്കാര്‍ ഉള്‍പ്പെടെ എല്ലാ ഇന്ത്യക്കാരും രാജ്യത്തെ തദ്ദേശീയരായതിനാല്‍ ഈ ദിനത്തിന് ഇന്ത്യയില്‍ പ്രാധാന്യമില്ലെന്നാണ് സത്യേന്ദ്ര പറഞ്ഞത്. ഓഗസ്റ്റ് ഒമ്പതിന് രാഷ്ട്രങ്ങള്‍ ലോക തദ്ദേശീയ ദിനം ആചരിക്കാനിരിക്കെയാണ് ആര്‍.എസ്.എസ് നേതാവിന്റെ പരാമര്‍ശം.
അമേരിക്ക, ആഫ്രിക്ക, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, കാനഡ എന്നിവിടങ്ങളിലെ തദ്ദേശീയരായ ജനങ്ങള്‍ക്ക് അവകാശങ്ങളും ആത്മാഭിമാനവും നല്‍കാനാണ് ലോക തദ്ദേശീയരുടെ ദിനമെന്ന് സത്യേന്ദ്ര സിങ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
തദ്ദേശീയ ദിനാചരണത്തിന് പിന്നില്‍ ഇന്ത്യയിലെ ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ക്രിസ്ത്യന്‍ മിഷനറിമാര്‍ അടങ്ങുന്ന ബാഹ്യശക്തികളാണ് ഈ ഗൂഡലോചനയ്ക്ക് പിന്നില്ലെന്നും അഖില്‍ ഭാരതീയ വനവാസി കല്യാണ്‍ ആശ്രമം പ്രസിഡന്റ് കൂടിയായ സത്യേന്ദ്ര സിങ് പറഞ്ഞു. രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ ഇപ്പോള്‍ വിഘടനവാദ ബോധം വേരൂന്നിയിരിക്കുകയാണെന്നും ആര്‍.എസ്.എസ് നേതാവ് ആരോപിച്ചു.
ലോക തദ്ദേശീയ ദിനത്തെ രാജ്യത്തെ ആദിവാസി സമൂഹങ്ങള്‍ ‘ആദിവാസി ദിവസ്’ ആയി ആചരിക്കാന്‍ തുടങ്ങിയെന്നും സത്യേന്ദ്ര സിങ് പറഞ്ഞു. കൊളോണിയല്‍ ശക്തികളില്‍ നിന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിനാല്‍ തദ്ദേശീയ ദിനത്തിന് രാജ്യത്ത് പ്രസക്തിയില്ലെന്നും സത്യേന്ദ്ര കൂട്ടിച്ചേര്‍ത്തു.
‘ആദിവാസി സമൂഹങ്ങള്‍ ഞങ്ങളുടെ സനാതന സമൂഹത്തിന്റെ ഭാഗമാണെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്,’ എന്നും സത്യേന്ദ്ര സിങ് പറഞ്ഞു. ഇന്ത്യന്‍ ജനതയുടെ ജീവിതശൈലി, ഭാഷ, വസ്ത്രധാരണം, പരമ്പരാഗത രീതികള്‍ എന്നിവയില്‍ വൈവിധ്യങ്ങളുണ്ടെങ്കിലും സനാതന സമൂഹത്തെ കുറിച്ചുള്ള സാംസ്‌കാരിക വീക്ഷണം ഒന്നാണെന്നും സത്യേന്ദ്ര പറയുകയുണ്ടായി.
2007ല്‍ ഐക്യരാഷ്ട്ര സഭ പ്രസിദ്ധീകരിച്ച, എല്ലാ ഇന്ത്യക്കാരും തദ്ദേശീയരാണെന്ന പ്രഖ്യാപനത്തില്‍ രാജ്യം ഒപ്പുവെച്ചിട്ടുണ്ടെന്നും സത്യേന്ദ്ര സിങ് കൂട്ടിച്ചേര്‍ത്തു. അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളും കൊളോണിയല്‍ ശക്തികളും ഈ പ്രഖ്യാപനത്തില്‍ ഒപ്പുവെച്ചിട്ടില്ലെന്നും സത്യേന്ദ്ര സിങ് പറയുകയുണ്ടായി.
Content Highlight: RSS leader Satyendra Singh said that World Indigenous People’s Day has no relevance in India