| Sunday, 5th June 2022, 4:05 pm

'വേള്‍ഡ് ക്ലാസ് സിനിമ'; സാമ്രാട്ട് പൃഥ്വിരാജിനെ പുകഴ്ത്തി മോഹന്‍ ഭാഗവത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അക്ഷയ് കുമാര്‍ ചിത്രം സാമ്രാട്ട് പൃഥ്വിരാജിനെ പുകഴ്ത്തി ആര്‍.എസ്.എസ്. നേതാവ് മോഹന്‍ ഭാഗവത്. ഇതാദ്യമായാണ് ഇന്ത്യന്‍ കാഴ്ചപ്പാടില്‍ നിന്നും ഇന്ത്യന്‍ ഭാഷയില്‍ ഒരു ഇന്ത്യക്കാരന്‍ പൃഥ്വിരാജ് ചൗഹാനും മുഹമ്മദ് ഗോറിയും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

‘പൃഥ്വിരാജിനെ പറ്റിയും മുഹമ്മദ് ഗോറിയെ പറ്റിയും നമ്മള്‍ വായിച്ചിട്ടുണ്ട്. എന്നാല്‍ അത് മറ്റുള്ളവരായിരുന്നു എഴുതിയിരുന്നത്. ഇതാദ്യമായാണ് ഇന്ത്യന്‍ കാഴ്ചപ്പാടില്‍ നിന്നും പൃഥ്വിരാജ് ചൗഹാനെ കാണുന്നത്. ഇന്ത്യന്‍ കാഴ്ചപ്പാടില്‍ നിന്നും ചരിത്രത്തെ നോക്കി കാണുകയാണ് നാം. ഇന്ത്യയുടെ അഭിമാനം സംരക്ഷിക്കാന്‍, ഈ സിനിമയില്‍ കാണിച്ചിരിക്കുന്ന ശക്തരായ നായകന്മാരെപ്പോലെ ഇന്ത്യക്കാര്‍ ഒരുമിച്ച് പോരാടേണ്ടതുണ്ട്,’ മോഹന്‍ ഭാഗവത് പറഞ്ഞു.

സാമ്രാട്ട് പൃഥ്വിരാജിനെ വേള്‍ഡ് ക്ലാസ് എന്നാണ് മോഹന്‍ ഭാഗവത് വിശേഷിപ്പിച്ചത്. ദല്‍ഹി ചാണക്യപുരി പി.വി.ആര്‍ തിയേറ്ററിലാണ് മോഹന്‍ ഭാഗവത് സാമ്രാട്ട് പൃഥ്വിരാജ് കണ്ടത്. മോഹന്‍ ഭാഗവത്, ദത്താത്രേയ ഹൊസബലെ, കൃഷ്ണ ഗോപാല, മന്‍മോഹന്‍ വൈദ്യ, ഭയ്യാജി ജോഷി, സുനില്‍ അംബേദ്കര്‍, നരേന്ദ്ര താക്കൂര്‍ എന്നിവരുള്‍പ്പെടെയുള്ള ആര്‍.എസ്.എസിന്റെ ഭാരവാഹികള്‍ക്കായി സാമ്രാട്ട് പൃഥ്വിരാജിന്റെ സ്‌പെഷ്യല്‍ സ്‌ക്രീനിംഗ് നടത്തിയിരുന്നു. അക്ഷയ് കുമാറും മോഹന്‍ ഭാഗവതിനൊപ്പം ചിത്രം കാണാനെത്തിയിരുന്നു.

നേരത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. സ്ത്രീകളെ ബഹുമാനിക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ സംസ്‌കാരത്തെയാണ് സിനിമ കാണിക്കുന്നത് എന്നാണ് അമിത് ഷാ പറഞ്ഞത്.

ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ സാമ്രാട്ട് പൃഥ്വിരാജിന് നികുതി ഇളവ് നല്‍കിയിരുന്നു.

Content Highlight: rss Leader Mohan Bhagwat praises Akshay Kumar’s film Samrat Prithviraj 

We use cookies to give you the best possible experience. Learn more