മനോജ് വധം; സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയ്ക്ക് കൊലപാതകവുമായി ബന്ധമുണ്ടെന്ന് ക്രൈംബ്രാഞ്ച്
Daily News
മനോജ് വധം; സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയ്ക്ക് കൊലപാതകവുമായി ബന്ധമുണ്ടെന്ന് ക്രൈംബ്രാഞ്ച്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th September 2014, 4:31 pm

[] കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ അന്വേഷണം പ്രദേശിക സി.പി.ഐ.എം നേതാക്കളിലേക്കും. ആര്‍.എസ്.എസ് നേതാവിന്റേത് രാഷ്ട്രീയകൊലപാതകമാണെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. കൊലയാളി സംഘത്തെ ഏകോപിപ്പിച്ചത് സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയാണെന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍.

കൊലപാതകമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ നമ്പറുകളില്‍ ഒന്ന് സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയുടേതാണ്.  ബ്രാഞ്ച് സെക്രട്ടറിയെ ചോദ്യംചെയ്യാന്‍ ക്രൈംബ്രാഞ്ച് ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ല. ഇയാളുടെ മൊബൈല്‍ ഫോണ്‍ രേഖകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു. കൊലയ്ക്കു മുന്‍പ് ഫോണില്‍ ബന്ധപ്പെട്ടവരുടെ പേരും വിവരങ്ങളും ക്രൈംബ്രാഞ്ചിന് ലഭ്യമാണ്.

സംഭവ സ്ഥലത്തെ മൊബൈല്‍ ടവറിനു കീഴില്‍ വന്ന കോളുകള്‍ പരിശോധിക്കാന്‍ ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.

മനോജിനെ കൊലപ്പെടുത്തിയ സംഘം പരിചിതരാണെന്ന് കേസിലെ സാക്ഷി പ്രമോദ് അന്വേഷണ സംഘത്തിനു മൊഴി നല്‍കിയിരുന്നു. കൊലയാളി സംഘത്തിലെ ഏഴു പേരുടെ പേരുകള്‍ പ്രമോദ് അന്വേഷണ സംഘത്തിനു നല്‍കിയിട്ടുണ്ട്.

സെപ്റ്റംബര്‍ ഒന്നിനാണ് കണ്ണൂരിലെ ആര്‍.എസ്.എസ് ജില്ലാനേതാവ് കതിരൂര്‍ സ്വദേശി എളന്തോട്ടത്തില്‍ മനോജിനെ ഒരു സംഘം ആളുകള്‍ ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയത്.