Daily News
മനോജ് വധക്കേസ്; സി.ബി.ഐ അന്വേഷിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Sep 06, 08:14 am
Saturday, 6th September 2014, 1:44 pm

[] തിരുവനന്തപുരം: കണ്ണൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ മനോജിന്റെ കൊലപാതകം സി.ബി.ഐ അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസ് സി.ബി.ഐയ്ക്ക് വിടണമെന്ന ഡി.ജി.പിയുടെ ശുപാര്‍ശ പ്രകാരമാണ് നടപടിയെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ശുപാര്‍ശ ചെയ്യും.

യു.എ.പി.എ നിയമം ചുമത്തിയാല്‍ പതിനഞ്ച് ദിവസത്തിനകം കേന്ദ്രത്തെ അറിയിക്കണം. ഈ സാഹചര്യത്തിലാണ് കേസ് ദേശീയ ഏജന്‍സി അന്വേഷിക്കണമെന്ന് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തത്. ബി.ജെ.പിയും സി.ബി.ഐ അന്വേഷണമാണ് ആവശ്യപ്പെട്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സി.ബി.ഐ കേസ് ഏറ്റെടുക്കുന്നത് വരെ ക്രൈംബ്രാഞ്ച്‌ അന്വേഷണം തുടരും. കേസിലെ പ്രതികള്‍ക്ക് വിദേശബന്ധം ഉണ്ടെന്ന സംശയമുണ്ട്. കുറ്റക്കാരെ മുഴുവന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കൊലപാതകങ്ങളെ രാഷ്ട്രീയമായി കാണുന്നില്ല. കണ്ണൂരില്‍ സി.പി.എമ്മും ബി.ജെ.പിയും കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ട്. ഈ സംഭവങ്ങളെയെല്ലാം സര്‍ക്കാര്‍ ഒരുപോലെയാണ് കാണുന്നത്. മനോജ് വധക്കേസിലെ എഫ്.ഐ.ആറില്‍ സി.പി.എം പ്രവര്‍ത്തകരുടെ പേരുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ പൊലീസ് തിരയുന്ന പ്രധാന പ്രതി കിഴക്കേ കതിരൂര്‍ വേണാട്ടിന്റവിട വിക്രമനെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഒരു പ്രദേശത്തെ ജനങ്ങള്‍ക്കിടയില്‍ ബോംബ് എറിഞ്ഞ് ഭീതി ജനിപ്പിച്ച് അക്രമവും കൊലയും നടത്തുന്നതു ഭീകരപ്രവര്‍ത്തനമാണെന്ന യുഎപിഎ നിയമത്തിലെ 15(1) വകുപ്പാണ് കേസില്‍ ചുമത്തിയിരിക്കുന്നത്.