| Sunday, 1st July 2018, 11:42 am

'ഇന്ത്യ ലാഹോറിലേക്ക് കടക്കും എന്ന സന്ദേശമാണ് സര്‍ജിക്കല്‍ സ്‌ട്രൈക്ക്; പാകിസ്ഥാനിലും ആര്‍.എസ്.എസ് കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്നാണ് ആഗ്രഹം': ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

നാഗ്പൂര്‍: ലാഹോറിലേക്ക് ഏതുസമയത്തും ഇന്ത്യയ്ക്ക് പ്രവേശിക്കാന്‍ കഴിയുമെന്ന സന്ദേശമാണ് സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ ഇന്ത്യ പാകിസ്ഥാന് നല്‍കിയതെന്ന പ്രസ്താവനയുമായി ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. തീവ്രവാദികളെ വധിക്കുക എന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യം. ഈ ലക്ഷ്യം നേടിയതിനാലാണ് ജമ്മു കാശ്മീരിലെ സഖ്യ സര്‍ക്കാരില്‍ നിന്ന് ബി.ജെ.പി പിന്‍മാറിയതെന്ന് ഇന്ദ്രേഷ് പറഞ്ഞു.

അഖണ്ഡ ഭാരതമാണ് തങ്ങളുടെ ലക്ഷ്യം. നാഗ്പൂരിലും ലാഹോര്‍, റാവല്‍പിണ്ടി തുടങ്ങി പാകിസ്ഥാന്‍ പ്രവിശ്യകളിലെല്ലാം ആര്‍.എസ്.എസ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുക എന്നത് പ്രധാന സ്വപ്‌നമാണെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.


ALSO READ: ‘ഒഴിവാക്കേണ്ട നടിമാരുടെ ലിസ്റ്റ് സംവിധായകരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നു; അവസരങ്ങള്‍ നഷ്ടപ്പെട്ടാലും നിലപാടിലുറച്ച് തന്നെ മുന്നോട്ട് പോകും’: സജിത മഠത്തില്‍


കാശ്മീരിലെ സഖ്യ സര്‍ക്കാരില്‍ ഞങ്ങള്‍ ചില ഓപ്പറേഷനുകള്‍ നടത്തി. മൂന്നൂറിലധികം തീവ്രവാദികള്‍ കൊല്ലപ്പെട്ടു.

അതൊടൊപ്പം ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന ശൃംഖലകള്‍ തകര്‍ക്കാന്‍ സൈന്യത്തിനും പൊലീസിനും തുടങ്ങി ചില സംഘടനകള്‍ക്കും സ്വാതന്ത്ര്യം നല്‍കിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

മൂന്നു ലക്ഷ്യങ്ങള്‍ നേടാന്‍ വേണ്ടി മാത്രമാണ് ജമ്മു കാശ്മീരില്‍ ബി.ജെ.പി സഖ്യസര്‍ക്കാര്‍ രൂപീകരിച്ചത്. അത് നേടി. അതിന് ശേഷം സഖ്യം ഉപേക്ഷിച്ചു എന്നും ഇന്ദ്രേഷ് പറഞ്ഞു.

നിയന്ത്രണ രേഖ കടന്ന ഇന്ത്യന്‍ സൈന്യം 2016 സെപ്റ്റംബറിലാണ് പാക്കിസ്ഥാന്‍ ഭീകരര്‍ക്കു നേരെ മിന്നലാക്രമണം നടത്തിയത്. കശ്മീരിലെ ഉറിയില്‍ സൈനിക ക്യാംപിനു നേരെ നടത്തിയ ആക്രമണത്തിനു പിന്നാലെയായിരുന്നു ഇന്ത്യയുടെ നടപടി.


ALSO READ: ദല്‍ഹിയില്‍ ഒരു കുടുംബത്തിലെ പതിനൊന്ന് പേര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍


കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള നിര്‍ദേശ പ്രകാരം ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

സൈനികരുടെ ജീവത്യാഗം മുതലെടുക്കുന്ന നിലപാടാണ് ഇതുവഴി കേന്ദ്രം സ്വീകരിച്ചതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പുകളിലെ തുടര്‍ച്ചയായ തോല്‍വികളില്‍ മനംമടുത്ത കോണ്‍ഗ്രസ് നടത്തുന്ന പ്രസ്താവനകളായിട്ടേ ഇതിനെ കാണുന്നുള്ളൂവെന്നായിരുന്നു ബി.ജെ.പി പ്രതികരണം

We use cookies to give you the best possible experience. Learn more