ജയ്പൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നലെ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. ബി.ജെ.പിയില്‍ ഉടലെടുത്ത അഹങ്കാരമാണ് തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് കാരണമായതെന്ന് ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. വ്യാഴാഴ്ച ജയ്പൂരിലെ കനോട്ടയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെയായിരുന്നു വിമര്‍ശനം.
‘ശ്രീരാമന്റെ ഭക്തര്‍ ക്രമേണ അഹങ്കാരികളായി മാറി. ഏറ്റവും വലിയ പാര്‍ട്ടിയായി വളരുകയും ചെയ്തു. എന്നാല്‍ രാമന്‍ 240ല്‍ നിര്‍ത്തി,’ എന്നാണ് ഇന്ദ്രേഷ് കുമാര്‍ പറഞ്ഞത്.
2014,2019 തെരഞ്ഞെടുപ്പുകളില്‍ ലോക്‌സഭയിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായാണ് ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചത്. എന്നാല്‍ ഇത്തവണ കേവല ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ സഖ്യ കക്ഷികളുട പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കേണ്ടി വന്ന ബി.ജെ.പിയുടെ അവസ്ഥയെ മുന്‍നിര്‍ത്തിയാണ് ഇന്ദ്രേഷ് കുമാറിന്റെ വിമര്‍ശനം.
അതേസമയം പ്രതിപക്ഷം ശ്രീരാമ വിരുദ്ധരാണെന്നും പേര് പറയാതെ ഇന്ദ്രേഷ് കുമാര്‍ പരാമര്‍ശിച്ചു. അതുകൊണ്ടാണ് രാമനില്‍ വിശ്വസിക്കാത്തവരെ ഒരുമിച്ച് 234ല്‍ നിര്‍ത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദൈവത്തിന്റെ നീതി എന്നത് സത്യവും ആസ്വാദ്യകരവുമാണെന്നും ആര്‍.എസ്.എസ് നേതാവ് പറയുകയുണ്ടായി.
ഒരു വര്‍ഷമായി മണിപ്പൂരില്‍ സമാധാനം നിലച്ചിരിക്കുകയാണെന്നും ഇനിയുള്ള ശ്രദ്ധ മണിപ്പൂരിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലേക്ക് കേന്ദ്രീകരിക്കണമെന്നുമാണ് മോഹന്‍ ഭഗവത് പറഞ്ഞത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ മണിപ്പൂരിലെ സമാധാനം പുനസ്ഥാപിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകല്‍ ഒന്നും ചെയ്തില്ലെന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആകെയുള്ള രണ്ട് സീറ്റുകളിലും ബി.ജെ.പി പരാജയപ്പെടുകയും ചെയ്തു.
Content Highlight: RSS leader Indresh Kumar strongly criticized the BJP after the setback in the Lok Sabha elections