അടിയന്തിരാവസ്ഥക്കാലത്ത് ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ ആര്‍.എസ്.എസ് മാപ്പിരന്നു
Daily News
അടിയന്തിരാവസ്ഥക്കാലത്ത് ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ ആര്‍.എസ്.എസ് മാപ്പിരന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th August 2015, 10:41 am

Deoresന്യുദല്‍ഹി: അടിയന്തിരാവസ്ഥയ്‌ക്കെതിരെ അവകാശപോരാട്ടങ്ങള്‍ നടത്തിയെന്ന ആര്‍.എസ്.എസ്, ജനസംഘം സംഘടനാ പ്രവര്‍ത്തകരുടെ വാദങ്ങള്‍ പൊളിക്കുന്ന തെളിവുകള്‍ പുറത്ത്.  അടിയന്തിരാവസ്ഥക്കാലത്ത് ജയിലിലായ ആര്‍.എസ്.എസ് ജനസംഘം പ്രവര്‍ത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ആര്‍.എസ്.എസ് സര്‍സംഘചാലക് മധുകര്‍ ദത്താത്രേയ ദേവ്‌റസ് ഇന്ദിരാഗാന്ധിയോട് മാപ്പിരന്നിരുന്നു എന്നതിനുള്ള തെളിവാണ് പുറത്ത് വന്നിരിക്കുന്നത്. ഫ്രണ്ട് ലൈന്‍ ആണ് ഇത് പുറത്ത് വിട്ടത്.

താനടക്കമുള്ള ആര്‍.എസ്.എസ് നേതാക്കളെ വിട്ടയക്കണമെന്നും ആര്‍.എസ്.എസിന് മേലുള്ള നിരോധനം നീക്കണമെന്നും ദേവ്‌റസ്  ഇന്ദിരാഗാന്ധിക്ക് എഴുതിയ കത്തില്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്. വാജ്‌പേയ്, അദ്വാനി തുടങ്ങിയ ജനസംഘത്തിന്റെ നേതാക്കളെ അടിയന്തിരാവസ്ഥക്കാലത്ത് അറസ്റ്റ് ചെയ്തതും ജയിലിലടച്ചതുമെല്ലാം എല്ലാവര്‍ക്കും അറിയുന്ന കാര്യങ്ങളാണ് എന്നാല്‍ അതിന്റെ പിറകില്‍ നടന്നിരുന്ന ഈ സംഭവത്തെ കുറിച്ച് ആര്‍ക്കും അധികം അറിയില്ല.

ലോക് സഭാ തെരഞ്ഞെടുപ്പ് കേസില്‍ സുപ്രീംകോടതി ഇന്ദിരാഗാന്ധിക്ക് അനുകൂലമായി വിധി വന്നതില്‍ ദേവറസ് ഇന്ദിരാഗാന്ധിയെ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്. ഇങ്ങനെയുള്ള നേതാക്കളില്‍ തനിക്ക് വിശ്വാസമില്ലെന്ന ജനതാപാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന മധു ലിമായെയുടെ പ്രതികരണവും ഫ്രണ്ട് ലൈന്‍ ലേഖനത്തിലുണ്ട്.  യെര്‍വാദ ജയിലില്‍ കിടക്കുമ്പോഴാണ് ദേവ്‌റസ് ഈ കത്ത് എഴുതിയത്.

ഇക്കാര്യം ഒരിക്കല്‍ ദേവ്‌റസിന് കുറ്റസമ്മതം നടത്തേണ്ടി വന്നിരുന്നു. ദല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇന്ദിരാഗാന്ധിക്ക് കത്തെഴുതിയ കാര്യം ദേവ്‌റസിന് സമ്മതിക്കേണ്ടി വന്നത്. ഇത് മാത്രമല്ല മോചനത്തിന് ഇന്ദിരാഗാന്ധിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ വിനോഭബ ഭാവെയ്ക്കും ദേവ്‌റസ് കത്തെഴുതിയിരുന്നു. വിനോഭബ ഭാവെയ് ഇന്ദിരാഗാന്ധിയോടുള്ള അടുപ്പം മുതലാക്കാനുള്ള ശ്രമമായിരുന്നു അത്. ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ മോചനം സാധ്യമായാല്‍ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുമെന്നും ഈ കത്തില്‍ ദേവ്‌റസ് പറയുന്നുണ്ട്.

അടയന്തിരാവസ്ഥക്കാലത്തെ തങ്ങളുടെ പോരാട്ടങ്ങളെ കുറിച്ചുള്ള സ്വയം പുകഴ്ത്തലുകള്‍ നടത്തുന്നുണ്ട് ആര്‍.എസ്.എസും കൂട്ടരും. എന്നാല്‍ ഇത് സത്യമല്ലെന്നും ലേഖനത്തില്‍ പറയുന്നു. ആഭ്യന്തര സുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ വലിയൊരു വിഭാഗം ആര്‍.എസ്.എസ് പ്രവര്‍ത്തകരുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ നിരവധിയാളുകള്‍ തങ്ങള്‍ക്ക് അടിയന്തിരാവസ്ഥ വിരുദ്ധ സമരങ്ങളിലോ ജെ.പി പ്രസ്ഥാനത്തിലോ പങ്കെടുത്തിട്ടില്ലെന്ന് വെളിപ്പെടുത്തിയിരുന്നു എന്നതാണ് സത്യം.