ന്യൂദല്‍ഹി: രാജ്യത്തെ ദാരിദ്ര്യം, തൊഴിലില്ലായ്മ, അസമത്വം എന്നിവയില്‍ ജാഗ്രതാ നിര്‍ദേശവുമായി ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെ.
തൊഴില്‍ അന്വേഷകര്‍ തൊഴില്‍ ദാതാക്കളായി മാറുന്ന സാഹചര്യം ഉണ്ടാകണം. രാജ്യത്തെ ദാരിദ്ര്യം ഇപ്പോഴും ഒരു ഭൂതത്തെപ്പോലെ നില്‍ക്കുകയാണെന്നും ദത്താത്രേയ ഹൊസബലെ പറഞ്ഞു.
’20 കോടി ജനങ്ങള്‍ ഇപ്പോഴും ദാരിദ്ര രേഖയ്ക്ക് താഴെയാണ് എന്നത് ഏറെ സങ്കടകരമായ കണക്കാണ്. 23 കോടി ആളുകളുടെ പ്രതിദിന വരുമാനം 375 രൂപയ്ക്ക് താഴെയാണ്. തൊഴിലില്ലാത്തവരുടെ കണക്ക് നാല് കോടിയാണ്. ലേബര്‍ ഫോഴ്സ് സര്‍വ്വേ പ്രകാരം തൊഴിലില്ലായ്മ നിരക്ക് 7.6 ശതമാനമാണ്’, ദത്താത്രേയ ഹൊസബലെ പറഞ്ഞു.
വര്‍ധിച്ചുവരുന്ന സാമ്പത്തിക അസമത്വമാണ് മറ്റൊരു പ്രധാന പ്രശ്നം. ലോകത്തിലെ ഏറ്റവും മികച്ച സമ്പദ് വ്യവസ്ഥകളില്‍ ഒന്നാണ് ഇന്ത്യയുടെതെന്നാണ് ഒരു കണക്ക് സൂചിപ്പിക്കുന്നത്. എന്നാല്‍ ഇത് നല്ല സാഹചര്യമാണോയെന്ന് ഹൊസബലെ ചോദിക്കുന്നു.
ഇന്ത്യയിലെ ജനസംഖ്യയുടെ ഏറ്റവും ഉയര്‍ന്ന ഒരു ശതമാനത്തിന് രാജ്യത്തിന്റെ വരുമാനത്തിന്റെ 20% ഉണ്ട്. അതേസമയം ജനസംഖ്യയുടെ 50 ശതമാനം പേര്‍ക്ക് രാജ്യത്തിന്റെ വരുമാനത്തിന്റെ 13 ശതമാനം മാത്രമാണുള്ളതെന്നും ഹൊസബലെ വ്യക്തമാക്കി.
രാജ്യത്തെ വലിയൊരു വിഭാഗത്തിന് ഇപ്പോഴും ശുദ്ധമായ വെള്ളവും പോഷകസമൃദ്ധമായ ഭക്ഷണവും ലഭ്യമല്ല. ആഭ്യന്തര കലഹങ്ങളും മോശം വിദ്യാഭ്യാസ നിലവാരവും ദദാരിദ്ര്യത്തിന് കാരണമാണ്. അതുകൊണ്ടാണ് പുതിയ വിദ്യാഭ്യാസ നയം കൊണ്ടുവന്നത്.
കാലാവസ്ഥ വ്യതിയാനം പോലും ദാരിദ്ര്യത്തിന് കാരണമാണ്. ചില സ്ഥലങ്ങളില്‍ സര്‍ക്കാരിന്റെ കാര്യക്ഷമതയില്ലായ്മയാണ് ഇതിനെല്ലാം കാരണമെന്നും ഹൊസബലെ കുറ്റപ്പെടുത്തി.
രാജ്യത്തെ തൊഴിലില്ലായ്മക്കെതിരെയും രാജ്യം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ യാത്ര നടക്കുന്ന പശ്ചാത്തലത്തിലാണ് ആര്‍.എസ്.എസ് മേധാവിയുടെ ഈ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്.
Content Highlight: RSS Leader Dattatreya Hosabale raises alert on Poverty, Unemployment, inequality in the country