| Tuesday, 4th May 2021, 8:06 am

'മോദി കളിക്കാന്‍ ഒന്നിലധികം സീറ്റില്‍ മത്സരിച്ചു, ഹെലികോപ്റ്ററില്‍ പറന്ന് കോമാളിത്തരം കാട്ടി'; കെ.സുരേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ച് ആര്‍.എസ്.എസ് നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ച് ആര്‍.എസ്.എസ് നേതാവ് ഇ.എന്‍ നന്ദകുമാര്‍. കെ.സുരേന്ദ്രന്‍ ‘മോദി കളിക്കാനായി’ രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ചുവെന്നും ഹെലികോപ്റ്ററില്‍ പറന്നു നടന്ന് കോമാളിത്തരം കാട്ടിയെന്നും നന്ദകുമാര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ബി.ജെ.പി അവസാനനിമിഷം മാത്രം സ്ഥാനാര്‍ഥികളെ നിശ്ചയിച്ചതിനെയും നിഷ്‌ക്രിയരായവരുടെ നോമിനേഷന്‍ തള്ളിപ്പോയതിനെയും നന്ദകുമാര്‍ വിമര്‍ശിക്കുന്നു.

കഴിവതും വേഗം കളമൊഴിഞ്ഞ് നാടിനെയും പ്രസ്ഥാനത്തെയും രക്ഷിക്കണമെന്നും നന്ദകുമാര്‍ പറയുന്നു.

ആര്‍.എസ്.എസിന്റെ പ്രസിദ്ധീകരണ വിഭാഗമായ കുരുക്ഷേത്ര ബുക്‌സിന്റെ ചുമതലക്കാരനും നാഷണല്‍ ബുക്ക് ട്രസ്റ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ് നന്ദകുമാര്‍.

നന്ദകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

തിരഞ്ഞെടുപ്പ് കുട്ടിക്കളിയല്ല. അവസാനനിമിഷം സ്ഥാനാര്‍ഥികളെ നിശ്ചയിക്കുക. നിഷ്‌ക്രിയരായ ഇവറ്റകളുടെ നോമിനേഷന്‍ തള്ളിപ്പോകുക. ‘മോദി’ കളിക്കാന്‍ ഒന്നിലധികം സീറ്റില്‍ മല്‍സരിക്കുക. കൊച്ചു കേരളത്തില്‍ ഹെലികോപ്റ്ററില്‍ പറന്നു നടന്ന് കോമാളിത്തരം കാട്ടുക. ഇ. ശ്രീധരന്‍ എന്ന മാന്യനെ പോലും അപമാനിക്കാന്‍ വിടുക. ഓരോ തെരഞ്ഞെടുപ്പിലും പുതിയ മണ്ഡലങ്ങള്‍ തേടുന്ന ആര്‍ത്തിപിടിച്ച ഭാഗ്യാന്വേഷികള്‍. ഇവര്‍ തോല്‍വി അര്‍ഹിക്കുന്നു.

അണക്കെട്ടുകള്‍ തുറന്നു വിട്ടയാളും സ്വര്‍ണം കള്ളക്കടത്ത് നടത്തിയെന്ന് പറയുന്നയാളും, സോളാര്‍ അഴിമതി നടത്തുന്നവരും, പാലത്തിലും പാവപ്പെട്ടവന്റെ കിറ്റിലും വരെ വെട്ടിപ്പ് നടത്തുന്നവരും, ഒക്കെ നിങ്ങളെക്കാള്‍ മെച്ചമെന്നു ജനങ്ങള്‍ വിധിക്കുന്നുവെങ്കില്‍ നിങ്ങളെത്ര കഴിവ് കെട്ടവരാണ്. മഹാരഥന്മാര്‍ സ്വജീവന്‍ നല്‍കി വളര്‍ത്തിയെടുത്ത മഹാപ്രസ്ഥാനത്തെ കുട്ടിക്കളിയില്‍ നശിപ്പിക്കല്ലേ. കഴിവതും വേഗം കളമൊഴിഞ്ഞ് നാടിനെയും പ്രസ്ഥാനത്തെയും രക്ഷിക്കൂ.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: RSS leader blames surendrans modi game and comedy for failure

We use cookies to give you the best possible experience. Learn more