ആരാണ് ജയകുമാര്‍?; സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന ഈ നേതാവ് ആരെന്ന് അന്വേഷിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍
Kerala
ആരാണ് ജയകുമാര്‍?; സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന ഈ നേതാവ് ആരെന്ന് അന്വേഷിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 29th October 2019, 9:21 am

പി.എസ് ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചതിന് പിന്നാലെ ആരാവും പുതിയ സംസ്ഥാന അധ്യക്ഷനെന്ന ചോദ്യമാണ് ബി.ജെ.പിയില്‍നിന്നും ഉയരുന്നത്. ഈ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടയില്‍ ആര്‍.എസ്.എസ് വിശേഷ സമ്പര്‍ക്ക പ്രമുഖ് എ. ജയകുമാറിന്റെ പേരും പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന ഈ നേതാവ് ആരെന്ന അന്വേഷണത്തിലാണ് പ്രവര്‍ത്തകര്‍. കേരളത്തിലെ ഒരു ഗ്രൂപ്പുകളുടെയും ഭാഗമല്ല ജയകുമാര്‍. മറിച്ച് ബി.ജെ.പി ദേശീയ നേതൃത്വവുമായി അടുത്ത ബന്ധവും. ഈ ബന്ധമാണ് ജയകുമാറിന്റെ സാധ്യത വര്‍ധിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ, ജാതി സമവാക്യവും ജയകുമാറിന് ഗുണകരമാണ്.

കേരളത്തിലെ പ്രവര്‍ത്തകര്‍ക്ക് അത്ര സുപരിചിതനല്ല ജയകുമാര്‍ എന്നത് നേതൃത്വത്തെ ആശങ്കയിലാക്കുന്നുമുണ്ട്. പരിചിതനല്ലാത്ത ഒരാള്‍ സംഘടനയുടെ തലപ്പത്തെത്തുന്നത് പ്രതികൂലമാവുമോ എന്നതാണ് ഇവരെ അലട്ടുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നേതൃത്വത്തിലേക്ക് ജയകുമാര്‍ വരുമെന്ന ചര്‍ച്ച ഇതാദ്യമായല്ല ഉയരുന്നത്. സംഘടന ജനറല്‍ സെക്രട്ടറിയായും മുമ്പ് ജയകുമാറിനെ പരിഗണിച്ചിരുന്നു. ആര്‍.എസ്.എസ് ശാസ്ത്ര സാങ്കേതിക വിഭാഗമായ വിജ്ഞാന്‍ ഭാരതിയുടെ ജനറല്‍ സെക്രട്ടറി കൂടിയാണ് ഇദ്ദേഹം.

ദേശീയ നേതൃത്വത്തിലേക്ക് തെരഞ്ഞെടുക്കാന്‍ സാധ്യതയുള്ളതിനാല്‍ മുമ്പ് അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരന്റെ പേര് പരിഗണനയില്‍ എടുത്തിട്ടില്ല. കെ സുരേന്ദ്രനെ അധ്യക്ഷനാക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. എന്നാല്‍ സുരേന്ദ്രന്‍ പാര്‍ട്ടി തലപ്പത്തേക്കെത്തിയാല്‍ ഗ്രൂപ്പ് പോര് രൂക്ഷമാകുമെന്ന അഭിപ്രായവും ശക്തമാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ