'സ്വകാര്യവത്കരണവും ഓഹരി വില്‍പനയും കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കണം'; മോദിക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ബി.എം.എസ്
national news
'സ്വകാര്യവത്കരണവും ഓഹരി വില്‍പനയും കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കണം'; മോദിക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ബി.എം.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th December 2019, 8:10 am

ന്യൂദല്‍ഹി: മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് ഭാരതീയ മസ്ദൂര്‍ സംഘ് (ബി.എം.എസ്) സമരത്തിനൊരുങ്ങുന്നു. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന തൊഴില്‍, സ്വകാര്യവത്കരണം, ഓഹരിവില്‍പന തുടങ്ങിയ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് ആര്‍.എസ്.എസിന്റെ തൊഴിലാളി സംഘടനയായ ബി.എം.എസ് ജനുവരി മൂന്നിന് അഖിലേന്ത്യാ തലത്തില്‍ പ്രതിഷേധ സമരം പ്രഖ്യാപിച്ചു.

ദല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ പ്രകടനം നടത്തും. ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധം ഉണ്ടാകുമെന്നും ബി.എം.എസ് അറിയിച്ചു.

കരാര്‍, നിശ്ചിതകാല,കാഷ്വല്‍, പ്രതിദിന താത്കാലിക ജീവനക്കാരെ സ്ഥിരം തൊഴിലാളികളാക്കി മാറ്റുക, അംഗന്‍വാടി-ആശവര്‍ക്കര്‍മാരെയും റേഷന്‍, ഉച്ചഭക്ഷണ ജീവനക്കാരെയും സര്‍ക്കാര്‍ ജീവനക്കാരായി പരിഗണിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിക്കുന്നുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേന്ദ്ര സര്‍ക്കാരിന്റെ കാലത്ത് തൊഴില്‍ സുരക്ഷ നഷ്ടമായി. തൊഴിലാളികള്‍ക്ക് ഏതു സമയത്തും തൊഴില്‍ നഷ്ടപ്പെടുന്ന സ്ഥിതിയായി. രാജ്യത്തെ ഒട്ടുമിക്ക ഉദ്യോഗവും കരാര്‍ അടിസ്ഥാനത്തിലാക്കി മാറ്റുകയോ നിശ്ചിതകാല തൊഴിലാക്കി മാറ്റുകയോ ചെയ്യുകയാണെന്നും ബി.എം.എസ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

പൊതുമേഖലാ സ്ഥാപനങ്ങള്‍ സംരക്ഷിക്കണമെന്നിരിക്കെ സ്വകാര്യവത്കരണവും ഓഹരി വില്‍പനയും സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും പ്രതിരോധമേഖലയിലെ കോര്‍പറേറ്റ്‌വത്കരണത്തെ ശക്തമായി എതിര്‍ക്കുന്നുവെന്നും ബി.എം.എസ് വ്യക്തമാക്കി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

റെയില്‍വേ സ്വകാര്യ വത്കരിക്കരുതെന്നും തൊഴില്‍നിയമത്തില്‍ വന്ന ഭേദഗതിയില്‍ പല അപാകതകളും ഉണ്ടെന്നും ബി.എം.എസ് ചൂണ്ടിക്കാട്ടി.