തിരുവനന്തപുരം: ശബരിമലയിലെ പ്രതിഷേധം യുവതീ പ്രവേശനത്തിന് എതിരെയല്ലെന്നും ആചാര ലംഘനത്തിന് എതിരെയാണെന്നും ആര്‍.എസ്.എസ് പ്രാന്ത കാര്യവാഹക് പി ഗോപാലന്‍ കുട്ടി മാസ്റ്റര്‍.
സ്ത്രീ സമത്വത്തിന്റെ പേരില്‍ നിരീശ്വരവാദവും കമ്യൂണിസവും നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിധി നടപ്പിലാക്കേണ്ടിയിരുന്നത് തന്ത്രിയുടേയും രാജകുടുംബത്തിന്റേയും അഭിപ്രായം ആരാഞ്ഞ ശേഷമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ സമരം ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെതിരെയല്ലെന്നും കമ്മ്യൂണിസ്റ്റുകള്‍ക്കെതിരാണെന്നുമായിരുന്നു ഇന്നലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയുടെ പ്രതികരണം.
കമ്മ്യൂണിസ്റ്റുകള്‍ക്കെതിരെയാണ് സമരമെന്നും അല്ലാതെ സ്ത്രീകള്‍ വരുന്നോ പോകുന്നോയെന്ന് നോക്കാന്‍ വേണ്ടിയല്ലെന്നുമായിരുന്നു ശ്രീധരന്‍പിള്ളയുടെ വാക്കുകള്‍.
അതേസമയം സ്ത്രീകള്‍ വരുന്നതില്‍ പ്രതിഷേധമുള്ള വിശ്വാസികളുണ്ടെങ്കില്‍ ഞങ്ങളവരെ പിന്തുണയ്ക്കുമെന്നേയുള്ളൂവെന്നും ശ്രീധരന്‍ പിള്ള കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
ശബരിമലയില്‍ പോകാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നായിരുന്നു ശ്രീധരന്‍പിള്ളയുടെ അടുത്ത പ്രസ്താവന. ആര്‍എസ്എസുകാര്‍ക്കും ബിജെപികാര്‍ക്കും സംഘപരിവാരുകാര്‍ക്കും എല്ലാവര്‍ക്കും ശബരിമലയില്‍ പോകാന്‍ അവകാശമുണ്ടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി വിധി വന്നശേഷം നിരവധി തവണയാണ് ശ്രീധരന്‍പിള്ള നിലപാടുകളില്‍ മലക്കം മറിഞ്ഞത്. ആദ്യം വിധിയെ സ്വാഗതം ചെയ്ത പിള്ള അധികം വൈകാതെ വിധി നടപ്പിലാക്കുന്നതിനെതിരെ സമരവുമായി രംഗത്തെത്തി.
ശബരിമലയില്‍ ഭക്തരാണ് സമരരംഗത്തുള്ളത് എന്നായിരുന്നു ശ്രീധരന്‍പിള്ള ആദ്യം പറഞ്ഞത്. ഇതിന് ശേഷം യുവമോര്‍ച്ചയുടെ രഹസ്യ യോഗത്തില്‍ നടത്തിയ പ്രസംഗം പുറത്തുവന്നതോടെ അദ്ദേഹത്തിന്റെ നിലപാട് പൊളിഞ്ഞു. ശബരിമല വിഷയത്തില്‍ ബി.ജെ.പി മുന്നോട്ടുവച്ച അജണ്ടയില്‍ എല്ലാവരും വീണെന്നും ബിജെപിക്കിത് സുവര്‍ണാവസരമാണെന്നുമായിരുന്നു ശ്രീധരന്‍പിള്ള രഹസ്യയോഗത്തില്‍ പറഞ്ഞത്.
നടയടക്കുമെന്ന പ്രഖ്യാപനത്തിന് മുന്‍പ് തന്ത്രി തന്നെ വിളിച്ചിരുന്നു എന്നു പറഞ്ഞ ശ്രീധരന്‍പിള്ള പിന്നീട് നിയമോപദേശം തേടുക മാത്രമാണുണ്ടായത് എന്നു തിരുത്തി.
തന്ത്രി കണ്ഠര് രാജീവര് ഇത് നിഷേധിച്ചതോടെ എന്നാല്‍ മറ്റാരെങ്കിലുമാകും വിളിച്ചതെന്നായി പിള്ളയുടെ നിലപാട്.