national news
'ഉള്ളാള്‍' ഒരു പാകിസ്താനായി മാറും, ഹിന്ദു നേതാവിനെ തെരഞ്ഞെടുക്കേണ്ട സമയം അതിക്രമിച്ചു'; ആര്‍.എസ്. എസ് നേതാവിന്റെ പ്രസ്താവന വിവാദത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jan 29, 11:10 am
Friday, 29th January 2021, 4:40 pm

മംഗളൂരു: മംഗളൂരുവിലെ മുസ്‌ലിം ഭൂരിപക്ഷ മേഖലയായ ഉള്ളാള്‍ പ്രദേശത്തെ പാകിസ്താനോട് ഉപമിച്ച് ആര്‍.എസ്.എസ് നേതാവിന്റെ പ്രസ്താവന വിവാദത്തില്‍. ആര്‍.എസ്.എസ് നേതാവായ കല്ലഡ്ക പ്രഭാകര്‍ ഭട്ടാണ് ഈ പരാമര്‍ശം നടത്തിയത്.

മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള പ്രതിനിധിയാണ് എപ്പോഴും ഉള്ളാള്‍ മണ്ഡലത്തില്‍ നിന്ന് ജയിക്കുന്നതെന്നും ഇനി അത് അനുവദിക്കാന്‍ കഴിയില്ലെന്നുമാണ് ഇദ്ദേഹത്തിന്റെ പരാമര്‍ശം.

ഉള്ളാള്‍ ഒരു പാകിസ്താനായി മാറിക്കൊണ്ടിരിക്കുകയാണെന്നും എത്രയും പെട്ടെന്ന് ഹിന്ദു നേതാവിനെ തെരഞ്ഞെടുക്കണമെന്നും ഭട്ട് പറഞ്ഞു.

ഇന്നത്തെ പാകിസ്താന്‍ ഒരു കാലത്ത് ഇന്ത്യയുടെ ഭാഗമായിരുന്നു. സിന്ധു നദി അവിടെ മാത്രമാണ് ഒഴുകുന്നത്. പാകിസ്താനില്‍ താമസിക്കുന്നവര്‍ ഇന്ത്യാക്കാരായിരുന്നു. വിഭജനത്തിന് ശേഷം അവിടുത്ത ജനങ്ങളുടെ മാനസികാവസ്ഥ മാറി. അതേ മാനസികാവസ്ഥയാണ് ഇന്ന് ഉള്ളാളിലും. ഉടന്‍ തന്നെ ഉല്ലാല്‍ പാകിസ്താനാകും. ആ പ്രസ്താവനയില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു, ഭട്ട് പറഞ്ഞു.

ഗോവധങ്ങളും ലൗ ജിഹാദും സ്ഥിരമായി നടക്കുന്ന പ്രദേശമാണ് ഉള്ളാള്‍. ഇപ്പോള്‍ ഉള്ളാളും പാകിസ്താനും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്നും ഭട്ട് പറഞ്ഞു.

അതേസമയം ഇതാദ്യമായല്ല ഇത്തരം വിദ്വേഷപ്രസ്താവനയുമായി ഭട്ട് രംഗത്തെത്തുന്നത്. 2020 നവംബറിലും ഉള്ളാളിനെ പാകിസ്താനോട് ഉപമിച്ച് ഇയാള്‍ പ്രസ്താവന നടത്തിയിരുന്നു.

മുസ്‌ലിങ്ങള്‍ ഉല്ലാലില്‍ വര്‍ധിക്കുകയാണെന്നും അതിനെ ഇല്ലാതാക്കാന്‍ ഹിന്ദുക്കള്‍ കൂടുതല്‍ കുഞ്ഞുങ്ങളെ ഉല്പാദിപ്പിക്കണമെന്നും ഭട്ട് പറഞ്ഞിരുന്നു.

‘ആരാണ് നമ്മുടെ ക്ഷേത്രങ്ങളെ സംരക്ഷിക്കുക? ആരാണ് നമ്മുടെ പാരമ്പര്യങ്ങളെ സംരക്ഷിക്കുക? ഹിന്ദുക്കളുടെ എണ്ണം കുറയുകയും മുസ്‌ലിങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്തു. അതിനാലാണ് ഇപ്പോള്‍ പാകിസ്താനും ബംഗ്ലാദേശും ലഭിച്ചത്’, എന്നായിരുന്നു ഭട്ടിന്റെ പ്രസ്താവന.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Derogatory Comment By Rss Worker In Mangalore