ഇസ്‌ലാമിക അധിനിവേശക്കാര്‍ ഇന്ത്യയിലെ സാമൂഹിക സ്ഥാപനങ്ങളെ തകര്‍ത്തതായി ആര്‍.എസ്.എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി അരുണ്‍ കുമാര്‍.
ഇസ്‌ലാമിക അധിനിവേശക്കാര്‍ ക്ഷേത്രങ്ങളും സര്‍വകലാശാലകളും പോലുള്ള ഇന്ത്യയിലെ സാമൂഹിക സ്ഥാപനങ്ങളെ തകര്‍ത്തുവെന്നും ബ്രിട്ടീഷുകാര്‍ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ മാത്രമല്ല, സാമൂഹിക ഘടനയെയും മൂല്യങ്ങളെയും ഇല്ലാതാക്കാന്‍ ശ്രമിച്ചുവെന്നുമാണ് അരുണ്‍ കുമാര്‍ പറഞ്ഞത്.
1911ന് ശേഷമുള്ള കാലഘട്ടത്തില്‍, ഇംഗ്ലീഷ് വിദ്യാഭ്യാസത്തില്‍ നിന്ന് പുറത്തുകടന്ന് ഇന്ത്യയിലെ സ്ഥാപനങ്ങളില്‍ സ്വാധീനം സ്ഥാപിച്ച ഇന്ത്യക്കാര്‍ സ്വാതന്ത്ര്യസമരം എന്ന ആശയത്തെ ‘സ്വയം ഭരണം’ (Self rule) മാത്രമായി ചുരുക്കുകയും ഇന്ത്യയുടെ വിഭജനത്തെ അംഗീകരിക്കുകയും ചെയ്തുവെന്നും കുമാര്‍ പറഞ്ഞു.
ആര്‍.എസ്.എസ് അനുകൂല സംഘടനയായ പ്രജ്ഞ പ്രവാഹിന്റെ മേധാവി ജെ. നന്ദകുമാര്‍ എഴുതിയ ‘എസ്.ഡബ്ല്യു.എ: സ്ട്രഗിള്‍ ഫോര്‍ നാഷണല്‍ സെല്‍ഫ്ഹുഡ്’ (SWA: Struggle for National Selfhood) എന്ന പുസ്തകത്തിന്റെ അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ വെച്ച് നടന്ന പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആര്‍.എസ്.എസ് നേതാവ്.
”നമ്മുടെ സ്വാതന്ത്ര്യത്തെ സംബന്ധിച്ച നാലഞ്ച് കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ട്. രാജ്യത്തിന് ഓര്‍മശക്തി നഷ്ടപ്പെട്ടിരിക്കുകയാണ്. അതിന് കാരണവുമുണ്ട്.
ഇസ്‌ലാമുമായി ബന്ധപ്പെട്ട പോരാട്ടങ്ങളില്‍ ക്ഷേത്രങ്ങള്‍, സര്‍വകലാശാലകള്‍ തുടങ്ങി നമ്മുടെ പല സ്ഥാപനങ്ങളും അധിനിവേശക്കാരാല്‍ നശിപ്പിക്കപ്പെട്ടു. എന്നാല്‍ നമ്മുടെ സാമൂഹിക വ്യവസ്ഥിതിയും സാമ്പത്തിക വ്യവസ്ഥിതിയും കുടുംബ വ്യവസ്ഥിതിയും തകരാതെ നിലനിന്നു.
”ഇംഗ്ലീഷ് നിയമങ്ങളിലൂടെയും ഇംഗ്ലീഷ് വിദ്യാഭ്യാസം ഏര്‍പ്പെടുത്തിയതിനുശേഷവും സാവധാനത്തില്‍ അവര്‍ രാജ്യത്തെ സാമൂഹിക വ്യവസ്ഥിതിയെ തകര്‍ക്കാന്‍ ശ്രമിച്ചു.
രാജ്യത്തിന്റെ ദേശീയ വികാരവും അഖണ്ഡതയും തകര്‍ക്കാന്‍ ബ്രിട്ടീഷുകാര്‍ ശ്രമിച്ചു. മതത്തിന്റെ അടിസ്ഥാനത്തില്‍ സാമൂഹിക ഘടനയെ തകര്‍ത്തു,” എന്നും അരുണ്‍ കുമാര്‍ പ്രതികരിച്ചു.
Content Highlight: RSS joint gen secretary says Islamic invaders ravaged institutions and Britishers ruined social fabric