| Wednesday, 27th January 2021, 9:34 pm

'സര്‍ക്കാര്‍ പരിപാടിക്കിടെ ജയ് ശ്രീറാം വിളിച്ചത് ശരിയല്ലെന്ന് ആര്‍.എസ്.എസ്'; ബംഗാളില്‍ ബി.ജെ.പിയും ആര്‍.എസ്.എസും പോരിലേക്കോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 124-ാമത് ജന്മവാര്‍ഷിക ചടങ്ങിനിടെ കാണികളില്‍ ചിലര്‍ ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കിയ നടപടി ശരിയായില്ലെന്ന് ആര്‍.എസ്.എസ് നേതൃത്വം. സംഘടനയുടെ ബംഗാള്‍ ഘടകത്തിന്റെ ജില്ലാ സെക്രട്ടറിയായ ജിഷ്ണു ബസുവാണ് ഈ അഭിപ്രായവുമായി രംഗത്തെത്തിയത്.

‘ഒരു സംസ്ഥാന സര്‍ക്കാര്‍ പരിപാടികളില്‍ ഉപയോഗിക്കാനുള്ളതല്ല ജയ്ശ്രീറാം മുദ്രാവാക്യം. സംഭവത്തില്‍ ശക്തമായി അപലപിക്കുന്നു. നേതാജിയോടും രാമനോടും ബഹുമാനമില്ലാത്തവരാണ് ജയ് ശ്രീറാം മുഴക്കിയത്’, ജിഷ്ണു ബസു പറഞ്ഞു.

ജനുവരി 23 ന് കൊല്‍ക്കത്തയില്‍ വെച്ച് നടന്ന നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മവാര്‍ഷിക ചടങ്ങില്‍ വെച്ചായിരുന്നു ജയ് ശ്രീറാം വിളിയുമായി ചിലര്‍ രംഗത്തെത്തിയത്. ചടങ്ങില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുത്തിരുന്നു.

മമത പ്രസംഗിക്കാന്‍ ഡയസിലേക്ക് എത്തിയ സമയത്ത് സദസ്സിലെ ഒരു വിഭാഗം ആളുകള്‍ ജയ് ശ്രീറാം വിളി മുഴക്കുകയായിരുന്നു. തുടര്‍ന്ന് മമത സംഭവത്തില്‍ രൂക്ഷമായി പ്രതികരിക്കുകയായിരുന്നു.

‘ഇത് ഒരു സര്‍ക്കാര്‍ ചടങ്ങാണ്, അല്ലാതെ രാഷ്ട്രീയപാര്‍ട്ടിയുടെ പരിപാടിയല്ല. ഇതിന് ഒരു അന്തസ്സ് വേണം. ആളുകളെ വിളിച്ചുവരുത്തി അപമാനിക്കരുത്. ഞാന്‍ ഇനിയൊന്നും സംസാരിക്കില്ല. ജയ് ബംഗ്ലാ, ജയ് ഹിന്ദ്.’ മമത ബാനര്‍ജി പറഞ്ഞു. തുടര്‍ന്ന് ചടങ്ങില്‍ നിന്നും മമത ഇറങ്ങിപ്പോകുകയായിരുന്നു.

നേരത്തെ പ്രസംഗിച്ച് കൊണ്ടിരിക്കവെ ഇന്ത്യയുടെ തലസ്ഥാനമായി ദല്‍ഹിയെ മാത്രം പരിഗണിക്കുന്നത് ശരിയല്ലെന്ന് മമത ബാനര്‍ജി പറഞ്ഞിരുന്നു. തലസ്ഥാനമായി ദല്‍ഹിയെ മാത്രം പരിഗണിക്കുന്നതിന് പകരം ഇന്ത്യക്ക് നാല് റൊട്ടേറ്റിങ്ങ് തലസ്ഥാനങ്ങള്‍ വേണമെന്നാണ് മമത ആവശ്യപ്പെട്ടത്.

മോദി സര്‍ക്കാര്‍ എടുത്തുകളഞ്ഞ ആസൂത്രണ കമ്മീഷന്‍ തിരികെ കൊണ്ടുവരണമെന്നും മമത ആവശ്യപ്പെട്ടു. നീതി ആയോഗിനും ആസൂത്രണ കമ്മീഷനും പരസ്പരം സഹകരിച്ച് കൊണ്ട് പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നും മമത കൂട്ടിച്ചേര്‍ത്തു. നേതാജിയുടെ ജന്മവാര്‍ഷികം അവധി ദിവസമായി പ്രഖ്യാപിക്കണമെന്നും മമത പറഞ്ഞിരുന്നു.

ജയ് ശ്രീറാം വിളിച്ചതില്‍ പ്രതിഷേധിച്ച് പ്രസംഗിക്കാതിരുന്ന മമതാ ബാനര്‍ജിക്കെതിരെ ഹരിയാന മന്ത്രി അനില്‍ വിജും രംഗത്തെത്തിയിരുന്നു. മമതക്ക് മുന്നില്‍ ജയ് ശ്രീറാം വിളിക്കുന്നത്, കാളക്ക് മുന്നില്‍ ചുവപ്പ് തുണി കാണിക്കും പോലെയാണെന്നാണ് അനില്‍ വിജ് പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; Rss Slams Jai Sreeram Slogan In Bengal

We use cookies to give you the best possible experience. Learn more