| Sunday, 30th September 2018, 2:29 pm

തീവ്രവാദത്തിന്റെ വിളനിലം ഫാസിസ്റ്റു സംഘടനയായ ആര്‍.എസ്.എസ്; ഇത്തരമൊരു രാജ്യത്തിന് മറ്റുള്ളവരെ ഉപദേശിക്കാന്‍ യോഗ്യതയില്ല; രൂക്ഷപ്രതികരണവുമായി പാകിസ്താന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

യു.എന്‍: ഐക്യരാഷ്ട്രസഭയിലെ പ്രസംഗത്തിനിടെ ആര്‍.എസ്.എസിനെയും യോഗി ആദിത്യനാഥിനെയും പരാമര്‍ശിച്ച് ഇന്ത്യയ്ക്കു നേരെ വിമര്‍ശനവുമായി പാകിസ്താന്‍. തീവ്രവാദികളെ വാഴ്ത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നെന്നാരോപിച്ച് പാകിസ്താനെതിരെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നേരത്തേ ആഞ്ഞടിച്ചിരുന്നു.

സുഷമയ്ക്കു മറുപടിയായാണ് പാക് പ്രതിനിധി സാദ് വരായ്ക്കിന്റെ പ്രസ്താവന. തീവ്രവാദത്തിന്റെ വിളനിലമാണ് ഫാസിസ്റ്റു സംഘടനയായ ആര്‍.എസ്.എസ് എന്ന് സാദ് പറയുന്നു. “ഞങ്ങളുടെ പ്രദേശത്ത് തീവ്രവാദത്തിന്റെ വിളനിലം ആര്‍.എസ്.എസിന്റെ ഫാസിസ്റ്റു കേന്ദ്രങ്ങളാണ്. മതപരമായ ആധിപത്യത്തിന്റെ അവാകാശവാദം ഇന്ത്യയുടനീളം ഇവര്‍ പടര്‍ത്തുകയാണ്.” പാകിസ്താന്‍ പ്രതിനിധിയുടെ പ്രസ്താവനയില്‍ പറയുന്നു.

ക്രിസ്തുമത വിശ്വാസികളും മുസ്‌ലിങ്ങളുമടക്കം ന്യൂനപക്ഷങ്ങളെല്ലാം ഹിന്ദു ഭീകരരാല്‍ പൊതുസ്ഥലത്ത് കൊല്ലപ്പെടുന്ന രാജ്യമാണ് ഇന്ത്യ. ഹിന്ദു മതത്തിന്റെ ആധിപത്യം തുറന്നവകാശപ്പെടുന്ന തീവ്രവലതു പക്ഷക്കാരനായ യോഗി ആദിത്യനാഥാണ് അവിടുത്തെ ഏറ്റവും വലിയ സംസ്ഥാനത്തിന്റെ മുഖം.

Also Read: ഇന്ത്യ സമാധാനത്തിനു വേണ്ടി നിലകൊള്ളുന്നു, എന്നാല്‍ സമാധാനത്തിനായി ആത്മാഭിമാനം പണയപ്പെടുത്തില്ല: യു.എന്നിലെ ഇന്ത്യ-പാക് വാക്‌പോരിനു തൊട്ടുപിന്നാലെ മോദി

ബംഗാളികളുടെ പൗരത്വാവകാശം ആസ്സാമില്‍ ഹനിക്കപ്പെടുകയാണ്. ഒരു സംസ്ഥാനത്തും ഇടമില്ലാത്തവരെ ഇവിടുത്തെ പ്രമുഖ രാഷ്ട്രീയ നേതാവാണ് “ചിതലുകള്‍” എന്നു വിളിച്ചത്. അത്തരമൊരു രാജ്യത്തിന് മറ്റുള്ളവരെ ഉപദേശിക്കാനുള്ള യോഗ്യതയില്ല – പാക് പ്രതിനിധി ആരോപിക്കുന്നു.

നേരത്തേ പെഷാവറിലെ സ്‌കൂള്‍ ആക്രമണത്തില്‍ ഭീകരരെ സഹായിച്ചെന്ന പാക്കിസ്ഥാന്റെ ആരോപണം ഇന്ത്യ തള്ളിയിരുന്നു. അസംബന്ധമായ ആരോപണമാണ് പാക്കിസ്ഥാന്‍ ഉന്നയിക്കുന്നതെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more