ന്യൂദല്‍ഹി: 52 വര്‍ഷത്തിനിടെ ആദ്യമായി അന്താരാഷ്ട്ര പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കം നിലവിലെ വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയെ നീക്കുന്നതിന് വേണ്ടിയാണെന്ന ആരോപണവുമായി വി.എച്ച്.പി അന്താരാഷ്ട്ര പ്രസിഡന്റ് ജി. രാഘവ റെഡ്ഡി.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനുള്ള 212 അംഗ പട്ടികയിലേക്ക് 37 വ്യാജവോട്ടര്‍മാരെ തിരുകി കയറ്റിയെന്ന് രാഘവ റെഡ്ഡിയുമായി അടുത്ത് ബന്ധമുള്ള വി.എച്ച്.പി നേതാവ് പറഞ്ഞു.
ഏപ്രില്‍ 14-15 തിയ്യതികളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റായ രാഘവ റെഡ്ഡിക്കെതിരെ ഹിമാചല്‍ പ്രദേശ് മുന്‍ ഗവര്‍ണറും മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയുമായിരുന്ന വിഷ്ണു സദാശിവ കോക്‌ജെയുമാണ് മത്സരിക്കുന്നത്.
കഴിഞ്ഞയാഴ്ച കോക്‌ജെക്കെഴുതിയ കത്തില്‍ വോട്ടര്‍ലിസ്റ്റില്‍ അട്ടിമറി നടന്നതായി രാഘവ റെഡ്ഡി ആരോപിച്ചിരുന്നു. വോട്ടര്‍ലിസ്റ്റ് തിരുത്താതെ അയോഗ്യരായ വോട്ടര്‍മാരെ നിലനിര്‍ത്തിക്കൊണ്ട് വോട്ടെടുപ്പ് നടത്തുന്നത് നിയമവിരുദ്ധമാണെന്നും തെരഞ്ഞെടുപ്പിന് മുമ്പ് ഇത് തിരുത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
റെഡ്ഡിയുടെ കത്തിന്റെ പകര്‍പ്പ് വി.എച്ച്.പി പ്രവര്‍ത്തകര്‍ക്കും ആര്‍.എസ്.എസ് നേതാക്കള്‍ക്കും നല്‍കിയിരുന്നെങ്കിലും ഇതിനെ ആര്‍.എസ്.എസ് നേതൃത്വം അവഗണിക്കുകയാണ് ചെയ്തത്. തങ്ങളുടെ പ്രധാനപ്പെട്ട സംഘടനയുടെ പ്രസിഡന്റ് ഉന്നയിക്കുന്ന ആരോപണം ആര്‍.എസ്.എസ് പരിഗണിക്കാത്തത് വിമതനായി മാറിയ തൊഗാഡിയയെ പുറത്താക്കാനുള്ള തന്ത്രമായാണ് വിലയിരുത്തുന്നത്.
തൊഗാഡിയ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെങ്കിലും നിലവിലെ അന്താരാഷ്ട്ര പ്രസിഡന്റായ രാഘവ റെഡ്ഡി വീണ്ടും ജയിച്ചാല്‍ മാത്രമേ അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റായ തൊഗാഡിയക്ക് നിലവിലെ സ്ഥാനത്ത് തുടരാന്‍ കഴിയുകയുള്ളൂ. വി.എച്ച്.പിയുടെ അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റിനെ നോമിനേറ്റ് ചെയ്യുന്നത് അന്താരാഷ്ട്ര പ്രസിഡന്റാണ്. കഴിഞ്ഞ രണ്ടു തവണയും തൊഗാഡിയയെ നോമിനേറ്റ് ചെയ്തത് രാഘവ റെഡ്ഡിയാണ്. വി.എച്ച.പിയുടെ സംഘടനാ സംവിധാന പ്രകാരം വര്‍ക്കിങ് പ്രസിഡന്റാണ് സംഘടനയെ നയിക്കുന്നത്.
Read more: കത്വകൊലപാതകത്തില്‍ കുറ്റപത്രം തടഞ്ഞ കശ്മീരിലെ അഭിഭാഷകര്‍ക്കെതിരെ സ്വമേധയാ നടപടിയെടുക്കണമെന്ന് സുപ്രീം കോടതിയില്‍ മലയാളി അഭിഭാഷകന്‍
1964ല്‍ രൂപീകൃതമായ വിശ്വ ഹിന്ദു പരിഷത്ത് ഇതാദ്യമായി തങ്ങളുടെ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് തൊഗാഡിയയെ പുറത്താക്കാന്‍ ആര്‍.എസ്.എസിലെ മോദി ലോബി കളിക്കുന്ന കളികളായാണ് ഒരു വിഭാഗം സംഘപരിവാര്‍ വിശ്വസിക്കുന്നത്.