| Sunday, 19th March 2023, 8:54 pm

ആര്‍.എസ്.എസ് അടിസ്ഥാനമാക്കുന്നത് മനുസ്മൃതി; അവരുടെ അജണ്ട ഇ.എം.എസ് 25 വര്‍ഷം മുന്നേ തിരിച്ചറിഞ്ഞു: സീതാറാം യെച്ചൂരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ബി.ജെ.പി.യുടെയും ആര്‍.എസ്.എസിന്റെയും അജണ്ട എന്താണെന്ന് 25 വര്‍ഷം മുമ്പ് ഇ.എം.എസ് തിരിച്ചറിഞ്ഞിരുന്നുവെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടി സീതാറാം യെച്ചൂരി.

ഇ.എം.എസ് ദിനമായ ഞായറാഴ്ച കൊച്ചിയില്‍ ഇ.എം.എസ് സ്മാരക പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആര്‍.എസ്.എസ് ആഗ്രഹിക്കുന്നത് ഏകാധിപത്യമാണ്. എന്നാല്‍ നമുക്ക് വേണ്ടത് വൈവിധ്യങ്ങളുടെ ഇന്ത്യയാണ്. അതുകൊണ്ടാണ് ഹിന്ദു രാഷ്ട്രീയം അവര്‍ ആഗ്രഹിക്കുന്നത്.

ആര്‍.എസ്.എസ് ലക്ഷ്യം വെക്കുന്നത് ഫാസിസ്റ്റ് ഭരണമാണ്. ഇതിന് ആര്‍.എസ്.എസ് അടിസ്ഥാനമാക്കുന്നത് മനുസ്മൃതിയാണ്.

അതുകൊണ്ടാണ് സി.പി.ഐ.എം, ആര്‍.എസ്.എസ് മുന്നോട്ടു വെക്കുന്ന ആശയത്തെ ശക്തമായി എതിര്‍ക്കുന്നു,’ യെച്ചൂരി പറഞ്ഞു.

മോദി നില കൊള്ളുന്നത് കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണെന്നും കോര്‍പ്പറേറ്റുകളുടെ കടം എഴുതി തള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോര്‍പ്പറേറ്റുകളില്‍ നിന്ന് പിന്തുണ ലഭിക്കാന്‍ വേണ്ടിയാണിതെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

അടിയന്തരാവസ്ഥയ്ക്ക് മുമ്പ് ഇന്ദിരയാണ് ഇന്ത്യയെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നുവെന്നും എന്നാല്‍ ഇന്ന് മോദിയും അദാനിയുമാണ് ഇന്ത്യയെന്നും ബി.ജെ.പി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അടിയന്തരാവസ്ഥക്ക് ശേഷം ജനങ്ങള്‍ കോണ്‍ഗ്രസിനെ തള്ളിക്കളഞ്ഞുവെന്നും അദാനിയും മോദിയും ഇത് ഓര്‍മിക്കണമെന്നും യെച്ചൂരി പറഞ്ഞു.

content highlight: RSS is based on Manusmriti; Their agenda was identified by EMS 25 years ago: Sitaram Yechury

We use cookies to give you the best possible experience. Learn more