| Monday, 9th September 2024, 5:21 pm

ആര്‍.എസ്.എസ് പ്രധാന സംഘടനയാണ്, കണ്ടതില്‍ തെറ്റില്ല: സ്പീക്കര്‍ എ.എന്‍ ഷംസീര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവന്തപുരം: എ.ഡി.ജി.പി അജിത് കുമാര്‍ ആര്‍.എസ്.എസ് നേതാക്കളായ ദത്താത്ത്രേയ ഹൊസബുള്ളയെയും റാം മാധവിനെയും കണ്ടതില്‍ തെറ്റില്ലെന്ന് നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍. ആര്‍.എസ്.എസ് രാജ്യത്തെ പ്രധാന സംഘടനയാണെന്നും എ.ഡി.ജി.പി നേതാക്കളെ കണ്ടതില്‍ തെറ്റില്ലെന്നുമാണ് ഷംസീര്‍ പ്രതികരിച്ചത്.

വ്യക്തികള്‍ നേതാക്കളെ കാണുന്നതില്‍ തെറ്റൊന്നുമില്ലെന്നും നേതാവിനെ കാണാന്‍ പോയത് എ.ഡി.ജി.പിയുടെ സുഹൃത്തായതിനാലാണെന്നും അയാള്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും എ.എന്‍. ഷംസീര്‍ പറഞ്ഞു.

ഇത്തരത്തിലുള്ള കൂടിക്കാഴ്ചകളൊന്നും ഗൗരവമായി കാണേണ്ടതില്ലെന്നും അതിനകത്ത് വലിയ അപാകതകളൊന്നും തനിക്ക് തോന്നുന്നില്ലെന്നും സ്പീക്കര്‍ പ്രതികരിച്ചു.

എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍ ആര്‍.എസ്.എസ് നേതാവിനെ കണ്ടതിനെ സംബന്ധിച്ചുള്ള അന്വേഷണത്തിന് ഡി.ജി.പിയെ ചുമതലപ്പെടുത്തിയ സാഹചര്യത്തിലാണ് എ.എന്‍. ഷംസീര്‍ കൂടിക്കാഴ്ചയെ ന്യായീകരിച്ച് രംഗത്തെത്തിയത്.

അതേസമയം പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളെ എ.എന്‍. ഷംസീര്‍ പിന്തുണയ്ക്കുന്നുമില്ല. എ.ഡി.ജി.പി മന്ത്രിമാരുടെ ഫോണ്‍ ചോര്‍ത്തിയെന്ന പി.വി. അന്‍വറിന്റെ ആരോപണം വെറും അഭ്യൂഹം മാത്രമാണെന്നും ഷംസീര്‍ പറയുന്നുണ്ട്.

സര്‍ക്കാര്‍ സംവിധാനത്തില്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ നടക്കുമെന്ന് കരുതുന്നില്ലെന്നും ഇത് വെറും അഭ്യൂഹമായി മാത്രമേ കാണാന്‍ കഴിയുകയുള്ളൂവെന്നുമാണ് ഷംസീര്‍ പറയുന്നത്.

എ.ഡി.ജി.പി അജിത് കുമാര്‍ ആര്‍.എസ്.എസ് നേതാക്കളെ കണ്ടതില്‍ സര്‍വീസ് ചട്ടലംഘനം, അധികാര ദുര്‍വിനിയോഗം എന്നിവയുണ്ടോ എന്ന് പരിശോധിക്കുന്നതില്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഷംസീര്‍ അജിത് കുമാറിനെ ന്യായീകരിച്ചും അന്‍വറിനെ തള്ളിയും രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം എം.ആര്‍. അജിത് കുമാര്‍ പത്ത് ദിവസത്തെ ഇടവേളയിലാണ് ആര്‍.എസ്.എസ് നേതാക്കളെ കണ്ടതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

Content Highlight: rss is a main organisation there is no mistake in seeing them; speaker A N Shamseer

We use cookies to give you the best possible experience. Learn more