പെരിയാറിന്റെ പ്രതിമ തകര്‍ത്തതിന് പിന്നില്‍ ആര്‍.എസ്.എസ് : രാഹുല്‍ഗാന്ധി
SAFFRON POLITICS
പെരിയാറിന്റെ പ്രതിമ തകര്‍ത്തതിന് പിന്നില്‍ ആര്‍.എസ്.എസ് : രാഹുല്‍ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th March 2018, 3:20 pm

ന്യൂദല്‍ഹി: ആര്‍.എസ്.എസ് നല്‍കിയ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് രാജ്യത്ത് പ്രതിമകള്‍ തകര്‍ക്കപ്പെട്ടു കൊണ്ടിരിക്കുന്നതെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ക്കാന്‍ ആര്‍.എസ്.എസും ബി.ജെ.പിയും പ്രേരിപ്പിച്ചപ്പോള്‍ തങ്ങളുടെ ആശയങ്ങളെ എതിര്‍ക്കുന്ന മറ്റുള്ളവരുടെ പ്രതിമകള്‍ കൂടി തകര്‍ക്കാന്‍ അവര്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു.

ദളിതര്‍ക്ക് വേണ്ടി പോരാടിയ പെരിയാറിന്റെ പ്രതിമയും ഇതുപോലെ നിര്‍ദ്ദേശാനുസരണം തകര്‍ത്തതാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

ഇന്ന് തമിഴ്നാട്ടിലെ പുതുക്കോട്ടയില്‍ പെരിയാറിന്റെ പ്രതിമ തകര്‍ത്തതിനെ തുടര്‍ന്നാണ് രാഹുലിന്റെ ട്വീറ്റ്. പെരിയാറിന്റെതിന് പുറമെ സാവിത്രിഭായ് ഫൂലെയുടെ പ്രതിമയും ഏറ്റവും ഒടുവിലായി തകര്‍ക്കപ്പെട്ടിരുന്നു.

 

സാവിത്രി ഫൂലെയുടെ പ്രതിമതകര്‍ത്തതിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ബി.എസ്.പി പ്രവര്‍ത്തകര്‍ മണ്ഡല്‍ റെവന്യൂ ഓഫീസില്‍ പരാതി നല്‍കിയിട്ടുണ്ട്. “പ്രതിമ തകര്‍ത്തത് ദളിതര്‍ക്കെതിരായ ആക്രമണമാണ്. ഇത് ഞങ്ങള്‍ സഹിക്കില്ല. പൊലീസ് ഉടന്‍ കുറ്റവാളികളെ കണ്ടെത്തി അറസ്റ്റ് ചെയ്യണം” ബി.എസ്.പി നേതാവായ ലിംഗമ്പള്ളി മധുകര്‍ പറഞ്ഞു.

ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ക്കപ്പെട്ടതിന് ശേഷമാണ് രാജ്യത്ത് ബ്രാഹ്മണവാദത്തിനെതിരെയും സവര്‍ണ മേല്‍ക്കോയ്മക്കെതിരെയും പൊരുതിയ പെരിയാറിന്റെയും അംബേദ്ക്കറുടെയും സാവിത്രിഭായ് ഫൂലെയുടെയുമെല്ലാം പ്രതിമകള്‍ തകര്‍ക്കപ്പെടുന്നത്.