തിരുവനന്തപുരം: ആക്ടിവിസ്റ്റ് ടീസ്ത സെതല്‍വാദിന് പിന്നാലെ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനും ജാമ്യം ലഭിച്ചതോടെ തനിക്ക് പുറത്തിറങ്ങി നടക്കാന്‍ പേടിയാകുന്നുവെന്ന് ആര്‍.എസ്.എസ് സൈദ്ധാന്ധികന്‍ ടി.ജി. മോഹന്‍ദാസ്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ആദ്യം ടീസ്ത സെതല്‍വാദിന് ജാമ്യം ലഭിച്ചു. ഇപ്പോള്‍ ദേ സിദ്ദിഖ് കാപ്പനും ജാമ്യം കൊടുത്തിരിക്കുന്നു!
പുറത്തിറങ്ങി നടക്കാന്‍ പേടിയാകുന്നു,’ എന്നാണ് ടി.ജി. മോഹന്‍ദാസ് ട്വിറ്ററില്‍ കുറിച്ചത്.
യു.പി പൊലീസിന് വേണ്ടി ഹാജരായ മഹേഷ് ജേത്മലാനി ഫോമില്‍ അല്ലാത്തതിനാലായിരുന്നു സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചതെന്നും ടി.ജി. മോഹന്‍ദാസ് മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.
‘അസാമാന്യമായ നിയമ പാടവമുള്ള ആളാണ് ചീഫ് ജസ്റ്റിസ് യു.യു. ലളിത്. അദ്ദേഹത്തെ വെറുതെ കുറ്റപ്പെടുത്താന്‍ ഞാനില്ല. ഇന്ന് മഹേഷ് ജേത്മലാനി ഫോമില്‍ ആയിരുന്നില്ല. അതാണ് ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ വിട്ടു പോയത്. അങ്ങനെ സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചു.
ലളിതിന്റെ കണ്ണ് എവിടെ ഉടക്കും എന്ന് മഹേഷിന് നന്നായറിയാം. പക്ഷേ ഇന്ന് എന്തോ പാളിപ്പോയി. പക്ഷേ ടീസ്തക്ക് ജാമ്യം കൊടുത്തതില്‍ എനിക്ക് അത്ഭുതം തോന്നി! ഹൈക്കോടതിയുടെ മുമ്പില്‍ ഇരിക്കുന്ന ഒരു മാറ്ററില്‍ വേഗം തീരുമാനമെടുക്കൂ എന്ന് പറയാമെന്നല്ലാതെ അതില്‍ കയറി വിധി പറഞ്ഞത് ശരിയായില്ല,’ ടി.ജി. മോഹന്‍ദാസ് പറഞ്ഞു.
ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് സിദ്ദീഖ് കാപ്പന് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്.
ജാമ്യ ഹരജി പരിഗണിക്കുന്നതിനിടെ കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അഡ്വ. ജേത്മലാനിയാണ് യു.പി സര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരായത്. കപില്‍ സിബല്‍ ആയിരുന്നു സിദ്ദീഖ് കാപ്പന് വേണ്ടി കോടതിയില്‍ വാദിച്ചത്.
സിദ്ദിഖ് കാപ്പനെതിരെ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ആറാഴ്ച ദല്‍ഹിയില്‍ തുടരണമെന്ന വ്യവസ്ഥയിലാണ് ജാമ്യം നല്‍കിയിരിക്കുന്നത്.
2020 ഒക്ടോബര്‍ അഞ്ചിനാണ് യു.പിയിലെ ഹാത്രാസില്‍ നിന്നും സിദ്ദിഖ കാപ്പനെ പൊലീസ് അറസ്റ്റ് ചെയ്തത്. ദളിത് പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു കാപ്പനെ പൊലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം, ഈ മാസം രണ്ടിനാണ് സാമൂഹ്യ പ്രവര്‍ത്തക ടീസ്ത സെതല്‍വാദിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.
2002ല്‍ നടന്ന ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ‘നിരപരാധികളായ’വര്‍ക്കെതിരെ വ്യാജ പ്രചരണങ്ങള്‍ നടത്തിയെന്നാരോപിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ടീസ്ത സെതല്‍വാദിനെ അറസ്റ്റ് ചെയ്തതിരുന്നത്.
CONETNT HIGHLIGHTS: RSS ideologue TG Mohandas said that he is afraid to go out After activist Teesta Setalvad, Malayali journalist Siddique Kappan also got bail