| Thursday, 11th August 2022, 4:25 pm

'മുഖ്യമന്ത്രി സ്ഥാനം ലീഗിന്, അവര്‍ തറവാടികള്‍'; മുസ്‌ലിം ലീഗുമായി ബി.ജെ.പി സഖ്യമുണ്ടാക്കണമെന്ന് ടി.ജി. മോഹന്‍ദാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുസ്‌ലിം ലീഗുമായി രാഷ്ട്രീയ ചങ്ങാത്തത്തിന് ബി.ജെ.പി മുന്‍കയ്യെടുക്കണമെന്ന് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ടി.ജി. മോഹന്‍ദാസ്. മുന്നണിയായി തെരഞ്ഞെടുപ്പില്‍ വിജയിച്ച് മുഖ്യമന്ത്രി സ്ഥാനം ലീഗിന് കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എ.ബി.സി മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ടി.ജി. മോഹന്‍ദാസിന്റെ പ്രതികരണം.

സി.എച്ചിന് ശേഷം ലീഗിന്റെ മുഖ്യമന്ത്രിയെ ബി.ജെ.പി പിന്തുണക്കുമെന്ന് ധൈര്യമായിട്ട് പറയണമെന്നും ടി.ജി. മോഹന്‍ദാസ് പറഞ്ഞു.

മുസ്‌ലിം ലീഗ് തറവാടികളുടെ പാര്‍ട്ടിയാണ്. അവര്‍ വാക്ക് മാറില്ല. മുന്നണി ഒന്നോ രണ്ടോ തവണ മാറിയിട്ടുണ്ട്. അതല്ലാതെ ഓര്‍ക്കാപ്പുറത്ത് കാലുമാറുക, പുറകില്‍ നിന്ന് കുത്തുക വാഗ്ദാനങ്ങളില്‍ നിന്ന് പിന്തിരിയുക ഇതൊന്നും ചെയ്യുന്നവരല്ല ലീഗുകാരെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയത്തില്‍ സ്ഥിരമായിട്ട് ശത്രുക്കള്‍ പാടില്ല. എതിരാളികളേ പാടുള്ളൂ. മോദിയെ ചീത്ത പറഞ്ഞ എത്ര പേര്‍ ഇപ്പോള്‍ എന്‍.ഡി.എയിലുണ്ടെന്ന് നോക്കുക. രാപ്പകല്‍ നരേന്ദ്ര മോദിയെ ചീത്ത പറഞ്ഞയാളാണ് രാം വിലാസ് പാസ്വാന്‍. മോദിയുടെ മന്ത്രിസഭയില്‍ മന്ത്രിയായി.

ടി.ജി. മോഹന്‍ദാസ്

നരേന്ദ്ര മോദിക്കും വിഷമമുണ്ടായില്ല, പാസ്വാനും വിഷമമുണ്ടായില്ല. ജമ്മു കശ്മീരില്‍ ബി.ജെ.പി പി.ഡി.പിയുമായി സഖ്യമുണ്ടാക്കിയതാണ് പി.ഡി.പി മുസ്‌ലിം പാര്‍ട്ടി മാത്രമല്ല, വിഘടനവാദികള്‍ കൂടിയാണ്.

ആ വിഘടനവാദം പുറത്തെടുക്കില്ലെന്ന് ബി.ജെ.പി കോമണ്‍ പ്രോഗ്രാമുണ്ടാക്കി. അത്രയും തീവ്രമായിട്ടുള്ള ഗ്രൂപ്പുമായി ജനാധിപത്യത്തിന്റെ സമ്മര്‍ദം കൊണ്ട് സഖ്യമുണ്ടാക്കാമെങ്കില്‍ അത്രയൊന്നുമില്ലാത്ത ലീഗുമായി സഖ്യമുണ്ടാക്കുന്നതില്‍ എന്താണ് തെറ്റെന്നും ടി.ജി. മോഹന്‍ദാസ് ചോദിച്ചു.

ഇവിടെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ ഭീഷണിപ്പെടുത്തിയേക്കാം. കശ്മീരില്‍ ജെയ്‌ഷെ മുഹമ്മദൊക്കെയാണ് പേടിപ്പിച്ചത്. പോപ്പുലര്‍ ഫ്രണ്ടൊക്കെ നിസാരമല്ലേ അവരുടെ മുന്നിലെന്നും ടി.ജി. മോഹന്‍ദാസ് പറഞ്ഞു.

CONTENT HIGHLIGHT : RSS ideologue T.G. Mohandas wants BJP to take initiative for political friendship with Muslim League

We use cookies to give you the best possible experience. Learn more