| Wednesday, 8th August 2018, 8:08 am

കരുണാനിധിയെ സംസ്‌ക്കരിക്കാന്‍ മറീനാബീച്ച് വിട്ടുകൊടുക്കരുത്: ആര്‍.എസ്.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയെ മറീനാ ബീച്ചില്‍ സംസ്‌ക്കരിക്കരുതെന്ന് തമിഴ്‌നാട്ടിലെ ആര്‍.എസ്.എസ് നേതാവും സ്വദേശി ജാഗരണ്‍ മഞ്ച് നേതാവുമായ സ്വാമിനാഥന്‍ ഗുരുമൂര്‍ത്തി.

അന്തരിച്ച മുന്‍മുഖ്യമന്ത്രിമാര്‍ക്കെല്ലാം ഐ.ഐ.ടിക്ക് സമീപമുള്ള സ്ഥലമാണ് നല്‍കിയത്. സിറ്റിങ് മുഖ്യമന്ത്രിമാരെ മാത്രമാണ് മറീന ബീച്ചില്‍ സംസ്‌ക്കരിച്ചിട്ടുള്ളത്. അതുകൊണ്ട് കരുണാനിധിയ്ക്ക് മറീനാബീച്ച് അനുവദിക്കരുത്. ഗുരുമൂര്‍ത്തി പറഞ്ഞു.

കരുണാനിധിയുടെ സംസ്‌കാരം മറീന ബീച്ചില്‍ നടത്താനാവില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചിരുന്നു. മറീന ബീച്ചില്‍ സ്ഥലമില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഇതിനെതിരെ ഡി.എം.കെ മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ ഇന്ന് രാവിലെയും വാദം തുടരും. മറീന ബീച്ചില്‍ കരുണാനിധിയുടെ ശവസംസ്‌കാരം നടത്തുന്നത് എതിര്‍ക്കുന്നതിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് ഡി.എം.കെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞിരുന്നു.

തീരദേശ നിയമത്തിന്റെ ലംഘനമാകുമെന്നാണ് മറീനാ ബീച്ചില്‍ സ്ഥലം അനുവദിക്കുന്നതിനുള്ള എതിര്‍പ്പായി സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ 2016ല്‍ ജയലളിത മരിച്ചപ്പോള്‍ മറീനബീച്ചില്‍ എം.ജി.ആറിന്റെ സ്മാരകത്തിന് സമീപത്തായാണ് സംസ്‌ക്കരിച്ചിരുന്നത്.

We use cookies to give you the best possible experience. Learn more