| Wednesday, 17th August 2022, 2:33 pm

നിസഹായനായി രാമസിംഹന്‍ നില്‍ക്കുന്നു; അവര്‍ സിനിമ മോശമായതിന് രാമസിംഹനെ പഴിക്കും: ടി.ജി. മോഹന്‍ദാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രാമസിംഹന്‍ സംവിധാനം(അലി അക്ബര്‍) ചെയ്യുന്ന ചിത്രം’1921 പുഴ മുതല്‍ പുഴ വരെ’ക്കെതിരെ സെന്‍സെര്‍ ബോര്‍ഡ് ഇടപെടലുണ്ടാകുന്നെന്ന ആരോപണവുമായി ആര്‍.എസ്.എസ് സൈദ്ധാന്ധികന്‍ ടി.ജി. മോഹന്‍ദാസ്. സിനിമയുടെ നിര്‍ണായക സീനുകള്‍ കട്ട് ചെയ്തുമാറ്റുകയാണെന്നും അങ്ങനെ ചെയ്താല്‍ സിനിമക്ക് ജീവനുണ്ടാവില്ലെന്നും ടി.ജി. മോഹന്‍ദാസ് പറഞ്ഞു.

പൊതുജനങ്ങളുടെ പണം പിരിച്ചാണ് രാമസിംഹന്‍ സിനിമ നിര്‍മിച്ചതെന്നും സിനിമ മോശമായതിന് അവര്‍ രാമസിംഹനെ പഴിക്കുമെന്നും ടി.ജി. മോഹന്‍ദാസ് പറഞ്ഞു.

‘മാപ്പിള ലഹള ആധാരമാക്കി രാമസിംഹന്‍ (അലി അക്ബര്‍) സംവിധാനം ചെയ്ത പുഴ മുതല്‍ പുഴ വരെ എന്ന സിനിമയില്‍ കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് ചില വെട്ടിനിരത്തലുകള്‍ നിര്‍ദേശിച്ചു. രാമസിംഹന്‍ വേദനയോടെ അത് അംഗീകരിച്ചു. ചിത്രം റീജിയണല്‍ സെന്‍സര്‍ ബോര്‍ഡ് കണ്ടു. വീണ്ടും മാറ്റങ്ങള്‍ വേണമത്രേ!

നാളെ മുംബൈയില്‍ വീണ്ടും ഒരു കമ്മിറ്റി ചിത്രം കാണും. രാമസിംഹന് വീണ്ടും ഒരു ലക്ഷം രൂപ ചെലവ്! ഒടുവില്‍ സിനിമയില്‍ മാപ്പിള ലഹള മാത്രം ഉണ്ടാവില്ല. പുഴയുണ്ടാവും – വറ്റിയ പുഴ! ഒ.എന്‍.വി എഴുതിയത് പോലെ:
വറ്റിയ പുഴ, ചുറ്റും
വരണ്ട കേദാരങ്ങള്‍
തപ്തമാം മോഹങ്ങളെ
ചൂഴുന്ന നിശ്വാസങ്ങള്‍!
ഓര്‍മയുണ്ടോ കശ്മീര്‍ ഫയല്‍സിലെ കുപ്രസിദ്ധ വാക്കുകള്‍?:
ഗവണ്‍മെന്റ് ഉന്‍കീ ഹോഗീ
ലേകിന്‍ സിസ്റ്റം ഹമാരാ ഹൈനാ??

പൊതുജനങ്ങളുടെ പണം പിരിച്ചാണ് രാമസിംഹന്‍ സിനിമ നിര്‍മ്മിച്ചത്. അവര്‍ സിനിമ മോശമായതിന് രാമസിംഹനെ പഴിക്കും! കാര്യമറിയാതെ ശകാരിക്കും. ചിലര്‍ പണം തിരിച്ചു വേണം എന്ന് ആവശ്യപ്പെടും!
നിര്‍ണായക സീനുകള്‍ കട്ട് ചെയ്തു മാറ്റിയാല്‍ സിനിമയ്ക്ക് ജീവനുണ്ടാവില്ല..
സെന്‍സര്‍ ബോര്‍ഡിനെ അനുസരിക്കാതെ സിനിമ ഇറക്കാനുമാവില്ല!
DAMNED IF YOU DO
DAMNED IF YOU DON’T –
നിസ്സഹായനായി രാമസിംഹന്‍ നില്‍ക്കുന്നു- മുംബൈയിലെ തെരുവില്‍.. കത്തുന്ന വെയിലില്‍!
കുറ്റിത്താടി വളര്‍ന്നുള്ളോന്‍
കാറ്റത്ത് മുടി പാറുവോന്‍
മെയ്യില്‍ പൊടിയണിഞ്ഞുള്ളോന്‍
കണ്ണില്‍ വെട്ടം ചുരത്തുവോന്‍!,’ ടി.ജി. മോഹന്‍ദാസ് ഫേസ്ബുക്കില്‍ എഴുതി.

അതേസമയം, 1921ലെ മലബാറിന്റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിത കഥയാണ് ചിത്രത്തില്‍ പറയുന്നത്. നടന്‍ തലൈവാസല്‍ വിജയ് ആണ് ചിത്രത്തില്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന കഥാപാത്രമായെത്തിയിരിക്കുന്നത്.

ചിത്രത്തില്‍ ജോയ് മാത്യുവും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ എഡിറ്റിംഗും, സ്റ്റണ്ടും, ഗാനങ്ങള്‍ എഴുതിയതും രാമസിംഹന്‍ തന്നെയാണ്. ഹരി വേണുഗോപാല്‍, ജഗത്ലാല്‍ ചന്ദ്രശേഖര്‍ എന്നിവരാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു വാരിയംകുന്നന്‍ എന്ന സിനിമ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബറും തന്റെ സിനിമ പ്രഖ്യാപിച്ചത്. എന്നാല്‍ പിന്നീട് ആഷിക് അബു ചിത്രം ഉപേക്ഷിച്ചിരുന്നു.

CONTENT HIGHLIGHTS:  RSS ideologist  T.G. Mohandas has alleged that the Censor Board is interfering with the film ‘1921 Puzha muthal Puza vare’ directed by Ramasimhan (Ali Akbar). 

Latest Stories

We use cookies to give you the best possible experience. Learn more