| Sunday, 26th August 2018, 5:01 pm

രാഷ്ട്രീയപ്രവര്‍ത്തകനെന്ന നിലയില്‍ തന്നെ മെച്ചപ്പെടുത്തിയത് ആര്‍.എസ്.എസ്; മുസ്‌ലിം ബ്രദര്‍ഹുഡിന്റേതിനു സമാനമാണ് ആര്‍.എസ്.എസ് ആശയങ്ങളെന്നും രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: നിരന്തരമായ ആക്രമണത്തിലൂടെ ആര്‍.എസ്.എസാണ് തന്നെ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനെന്ന നിലയില്‍ മെച്ചപ്പെടാന്‍ സഹായിച്ചതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യൂറോപ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ലണ്ടനിലുള്ള രാഹുല്‍, പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു. ഈജിപ്തിലെ സുന്നി ഇസ്‌ലാമിക സംഘടനയായ മുസ് ലിം ബ്രദര്‍ഹുഡുമായി രാഹുല്‍ ആര്‍.എസ്.എസിനെ താരതമ്യപ്പെടുത്തിയതും വാര്‍ത്തയായിരുന്നു.

അറബ് രാജ്യങ്ങളില്‍ മുസ്‌ലിം ബ്രദര്‍ഹുഡ് മുന്നോട്ടുവയ്ക്കുന്നതിനു സമാനമായ ആശയങ്ങളാണ് രാജ്യത്ത് ആര്‍.എസ്.എസ് പ്രചരിപ്പിക്കുന്നതെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. “രണ്ട് സംഘടനകളും ആരംഭിച്ചത് 1920കളിലാണ്. വ്യവസ്ഥിതികളെ കൈയടക്കുക എന്നതാണ് ഇരു കൂട്ടരുടെയും രീതി. ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമായ വോട്ടെടുപ്പിനെ ഇരുവരും കാണുന്നത് ഇതിനുള്ള മാര്‍ഗമായാണ്” രാഹുല്‍ പറയുന്നു.

1981ല്‍ അന്‍വര്‍ സാദത്തിന്റെ കൊലപാതകത്തെത്തുടര്‍ന്ന് മുസ്‌ലിം ബ്രദര്‍ഹുഡിനെ നിരോധിച്ചിരുന്നു; മഹാത്മാ ഗാന്ധിയുടെ വധത്തെത്തുടര്‍ന്ന് ആര്‍.എസ്.എസും നിരോധിക്കപ്പെട്ടിട്ടുണ്ട്. ഇരു സംഘടനകളും തമ്മില്‍ വലിയ സാമ്യമുണ്ടെന്നു മനസ്സിലാക്കാന്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. ഈ രണ്ടു സംഘടനകളും സ്ത്രീകള്‍ക്ക് അംഗത്വം നല്‍കാറില്ലെന്നതും ശ്രദ്ധിക്കേണ്ടതാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടുന്നു.

Also Read: അര്‍ണാബ് ഗോസ്വാമിയെ മോശമായി നമ്മള്‍ അറ്റാക്ക് ചെയ്യരുത്: രാഹുല്‍ ഈശ്വര്‍

പിതാവിന്റെ മരണശേഷം ഇതുവരെ തന്റെ കുടുംബത്തില്‍ നിന്നാരും അധികാരത്തിലിരുന്നിട്ടില്ലെന്നും, അതുകൊണ്ടുതന്നെ തന്റെ കഴിവിനെ മാനദണ്ഡമാക്കിയാണ് തന്നെ അളക്കേണ്ടതെന്നും രാഹുല്‍ പറയുന്നു. “ഞാന്‍ എന്താണ് പറയാന്‍ ശ്രമിക്കുന്നതെന്ന് നിങ്ങള്‍ ആദ്യം ശ്രദ്ധിക്കൂ, പ്രശ്‌നങ്ങളെക്കുറിച്ച് എന്നോടു സംസാരിക്കൂ. വിദേശനയങ്ങള്‍, സാമ്പത്തികശാസ്ത്രം, രാജ്യത്തിന്റെ വികസനം, കാര്‍ഷികരംഗം എന്നിവയെക്കുറിച്ച് ആദ്യം എന്നോടു തുറന്നു സംസാരിച്ചു നോക്കൂ, ചോദ്യങ്ങള്‍ ചോദിക്കൂ. അതിനുശേഷം എന്നെ വിലയിരുത്തൂ.”

അത്തരത്തിലുള്ള സംഭാഷണങ്ങള്‍ നടത്താന്‍ പ്രധാനമന്ത്രി തയ്യാറാകുന്നില്ലെന്നും വിഷയങ്ങള്‍ മനസ്സിലാക്കുക എന്നതാണ് പ്രാഥമികമായി ചെയ്യേണ്ടതെന്നും രാഹുല്‍ പറയുന്നു. താന്‍ 14-15 വര്‍ഷങ്ങളായി രാഷ്ട്രീയത്തില്‍ സജീവമാണ്. ധാരാളം തിരിച്ചടികള്‍ ലഭിച്ചിട്ടുണ്ട്, ധാരാളം പഠിക്കുകയും ചെയ്തിട്ടുണ്ട്. മറ്റുള്ളവരെ കേള്‍ക്കുകയും അവരുടെ ആശയങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്നയാളാണ് താന്‍. വിദ്വേഷത്തെ മറികടന്നു ചിന്തിക്കാന്‍ തനിക്കു സാധിക്കുമെന്നതാണ് തന്റെ ഏറ്റവും വലിയ കഴിവെന്നു കരുതുന്നതായും രാഹുല്‍ കൂട്ടിച്ചേര്‍ക്കുന്നു.

We use cookies to give you the best possible experience. Learn more