| Tuesday, 17th January 2023, 9:01 am

അവരപ്പോള്‍ ഇംഗ്ലീഷ് യജമാനനെ സേവിക്കുകയായിരുന്നു, സംശയമുള്ളവര്‍ ആര്‍.എസ്.എസിന്റെ ലൈബ്രറി സന്ദര്‍ശിച്ചാല്‍ മതി: തുഷാര്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മഹാത്മാ ഗാന്ധിക്ക് നേരേ നിറയൊഴിച്ചത് ഗോഡ്സെ ആണെങ്കിലും അതിന് എല്ലാ തരത്തിലും പിന്തുണയും പ്രേരണയുമായത് ആര്‍.എസ്.എസിന്റെ ആശയങ്ങളാണെന്ന് ഗാന്ധിയുടെ കൊച്ചുമകനും സാമൂഹിക പ്രവര്‍ത്തകനുമായ തുഷാര്‍ ഗാന്ധി.

സ്വാതന്ത്ര്യ സമരത്തിലെ ആര്‍.എസ്.എസിന്റെ പങ്ക് അവരുടെ ലൈബ്രറിയിലെ ഏതെങ്കിലും പുസ്തകത്തില്‍ കാണിച്ചുതന്നാല്‍ താന്‍ ആര്‍.എസ്.എസില്‍ ചേരാമെന്നും അദ്ദേഹം പറഞ്ഞു.

നമുക്ക് ആരാധിക്കാന്‍ ഗാന്ധിയും നെഹ്റുവും മൗലാന ആസാദും സുഭാഷ് ചന്ദ്ര ബോസുമൊക്കെയുണ്ട്. ആര്‍.എസ്.എസിന്റെ ആചാര്യന്‍മാര്‍ ഗോഡ്സെയും ഗാന്ധി വധത്തില്‍ പ്രതികളായവരും മാത്രമാണ്. അത് നാം തിരിച്ചറിയണമെന്നും തുഷാര്‍ പറഞ്ഞു.

ഭയം ജനിപ്പിച്ചാണ് പല തെരഞ്ഞെടുപ്പുകളിലും ബി.ജെ.പി. ജയിക്കുന്നതെന്നും തുഷാര്‍ ആരോപിച്ചു.

എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള സബര്‍മതി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച ‘മിസ് സ്റ്റേറ്റ്’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

‘ഗാന്ധിജി ഇന്ത്യന്‍ മണ്ണിലൂടെ നടന്ന് സാധാരണക്കാരുടെ ഹൃദയമിടിപ്പ് തൊട്ടറിഞ്ഞാണ് രാഷ്ട്രനിര്‍മാണത്തിനായി മുന്നിട്ടിറങ്ങിയത്.

പൂര്‍വികരുടെ ത്യാഗത്തിന്റെ സ്മരണകള്‍ മറക്കാതിരിക്കാന്‍ ഇന്ന് ഒരാള്‍ രാജ്യം മുഴുവന്‍ നടക്കുന്നതിന്റെ നേര്‍ക്കാഴ്ചയാണ് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയിലൂടെ യാഥാര്‍ത്ഥ്യമാക്കുന്നത്. തെരഞ്ഞെടുപ്പ് ജയത്തെക്കാള്‍ ഉപരി ഈ ആശയധാരയുടെ വിജയമാണ് പ്രധാനമെന്ന് മനസിലാക്കി കോണ്‍ഗ്രസ് പാര്‍ട്ടി അതിനെ പിന്തുണയ്ക്കണം,’ തുഷാര്‍ ഗാന്ധി പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രകൊണ്ട് ഉണ്ടാകുന്ന നേട്ടങ്ങള്‍ മുതല്‍ക്കൂട്ടാക്കാന്‍ കോണ്‍ഗ്രസ് എത്രകണ്ട് തയാറാണെന്നത് സംശയമാണെന്നും, ശ്രീനഗറില്‍ ജോഡോ യാത്രയുടെ സമാപനത്തില്‍ താനും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ഒരു പങ്കുമില്ലാത്തവര്‍ പുതിയ കഥകള്‍ പ്രചരിപ്പിക്കുകയാണ്. ചൂണ്ടിക്കാട്ടുന്നതിന് അവര്‍ക്ക് ഒരു സ്വാതന്ത്ര്യസമര സേനാനി പോലുമില്ല. അവരപ്പോള്‍ ഇംഗ്ലീഷ് യജമാനനെ സേവിക്കുകയായിരുന്നു. സംശയമുള്ളവര്‍ നാഗ്പുരില്‍ ആര്‍.എസ്.എസ് ആസ്ഥാനത്തെ ലൈബ്രറി സന്ദര്‍ശിച്ചാല്‍ മതിയാകും.

നിലവില്‍ എത്രകണ്ട് കഷ്ടത അനുഭവിക്കുന്നുവെന്ന് മുസ്ലിങ്ങള്‍ക്ക് അറിയാം. ഭയത്തില്‍ നിന്ന് അവരെ കൂടുതല്‍ ശക്തരാക്കാന്‍ നമുക്ക് കഴിയണം. ബി.ജെ.പി പ്രചരിപ്പിക്കുന്നത് ഹിന്ദുയിസമല്ല, ഹിന്ദുത്വയാണ്. ഹിന്ദുത്വ എന്നാല്‍ രാഷ്ട്രീയ മതമാണ്, ആത്മീയതയുടെ മതമല്ല

പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുകയെന്ന് ഗാന്ധിജി പറഞ്ഞ 1942ല്‍ നിന്ന് വലിയ വ്യത്യാസമില്ല 2023ലെ ഇന്ത്യന്‍ സാഹചര്യത്തില്‍. അന്ന് വിദേശികളോടാണ് പോരാടേണ്ടിയിരുന്നതെങ്കില്‍ ഇന്നത് സ്വദേശി ഫാസിസ്റ്റുകളോടാണെന്ന വ്യത്യാസം മാത്രമേയുള്ളൂ,’ തുഷാര്‍ ഗാന്ധി പറഞ്ഞു.

Content Highlight: RSS have no role in Indian Independence Struggle; Thushar Gandhi against RSS

Latest Stories

We use cookies to give you the best possible experience. Learn more