പ്രണബ് മുഖര്‍ജി ആര്‍.എസ്.എസ് ക്ഷണം സ്വീകരിച്ചതില്‍ തെറ്റില്ലെന്ന് ശിവസേന
National
പ്രണബ് മുഖര്‍ജി ആര്‍.എസ്.എസ് ക്ഷണം സ്വീകരിച്ചതില്‍ തെറ്റില്ലെന്ന് ശിവസേന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 31st May 2018, 9:15 pm

ന്യൂദല്‍ഹി: ആര്‍.എസ്.എസിന്റെ പരിപാടിയില്‍ മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്ന് ശിവസേന. ശിവസേന വക്താവ് സഞ്ജയ് റൗട്ട് ആണ് ആര്‍.എസ്.എസ് പരിപാടിയില്‍ പ്രണബ് മുഖര്‍ജി പങ്കെടുക്കുന്നതിനോട് എതിര്‍പ്പില്ലെന്ന് അറിയിച്ചത്.

ആര്‍.എസ്.എസ് ഒരു ദേശീയ സംഘടനയാണ്. അവര്‍ മുന്‍ രാഷ്ട്രപതിയെ തങ്ങളുടെ പരിപാടിക്ക് ക്ഷണിച്ചാല്‍ അതില്‍ വിവാദമുണ്ടാക്കേണ്ടതില്ല. തങ്ങള്‍ക്ക് ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്രങ്ങളോട് അഭിപ്രായ വ്യത്യാസമുണ്ടായേക്കും, എന്നാല്‍ മുന്‍ രാഷ്ട്രപതി ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ വിവാദമുണ്ടാക്കാന്‍ തങ്ങളില്ല, സഞ്ജയ് റൗട്ട് വ്യക്തമാക്കി.

അര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും, സി. കെ ജാഫര്‍ ഷെരീഫും പ്രണബ് മുഖർജിയ്ക്ക് കത്തെഴുതിയതിന് പിന്നാലെയാണ് ശിവസേനയുടെ പ്രതികരണം. കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം ആര്‍.എസ്.എസ് പ്രത്യയ ശാസ്ത്രത്തിലെ പിഴവുകള്‍ ചൂണ്ടികാണിക്കാന്‍ അവസരം ഉപയോഗിക്കണമെന്നും പ്രണബ് മുഖര്‍ജിയോട് ആവശ്യപ്പെട്ടിരുന്നു.

നാഗ്പൂരില്‍ ആര്‍.എസ്.എസ് ആസ്ഥാനത്ത് ജൂണ്‍ 7ന് നടക്കുന്ന മൂന്നാം വാര്‍ഷികാഘോഷമായ സംഘ ശിക്ഷ വര്‍ഗിലാണ് പ്രണബ് മുഖര്‍ജി പങ്കെടുക്കുക. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.