| Saturday, 18th March 2023, 8:46 pm

കേരളത്തിലെ ക്രിസ്ത്യന്‍ സഭാ നേതൃത്വവുമായുള്ള ആശയവിനിമയത്തിന് പ്രത്യേക സംവിധാനത്തിന് രൂപം നല്‍കി: ആര്‍.എസ്.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കേരളത്തിലെ ക്രിസ്ത്യന്‍ സഭാ നേതൃത്വവുമായുള്ള ആശയവിനിമയത്തിനായി സംസ്ഥാന- ജില്ലാ തലത്തില്‍ പ്രത്യേക സംവിധാനത്തിന് രൂപം നല്‍കിയിട്ടുണ്ടെന്ന് ആര്‍.എസ്.എസ്. കേരളത്തിലെ ക്രിസ്ത്യന്‍ സഭകളുമായി ചര്‍ച്ചക്ക് തയ്യാറാണെന്നും ഇവിടുത്തെ ക്രിസ്ത്യന്‍ സമൂഹത്തിനിടയില്‍ ആര്‍.എസ്.എസിനെ കുറിച്ച് ഭയമില്ലെന്നും ആര്‍.എസ്.എസ് ഭാരവാഹികള്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

സംഘടനയെ എല്ലാ തലങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള കര്‍മ പരിപാടികള്‍ തയ്യാറാക്കുമെന്നും ആര്‍.എസ്.എസ് നേതൃത്വം അറിയിച്ചു. അടുത്ത വര്‍ഷത്തോടെ കേരളത്തില്‍ എണ്ണായിരം സ്ഥലങ്ങളില്‍ ശാഖാ പ്രവര്‍ത്തനമെത്തിക്കാനാണ് സംഘടനയുടെ തീരുമാനം. നിലവില്‍ കേരളത്തില്‍ 5,359 സ്ഥലങ്ങളിലാണ് ആര്‍.എസ്.എസ് ശാഖാ പ്രവര്‍ത്തനം നടക്കുന്നത്. ശാഖകളുടെ എണ്ണത്തില്‍ കേരളം രണ്ടാം സ്ഥാനത്താണെന്നാണ് ആര്‍.എസി.എസിന്റെ അവകാശവാദം.

അതേസമയം, സിറ്റിങ് എം.എല്‍.എയുമായി ചര്‍ച്ച നടത്തിയെന്ന ആര്‍.എസ്.എസ് വാദം മുസ്ലിം ലീഗ് നിഷേധിച്ചു. ലീഗിന്റെ ഒരു എം.എല്‍.എയുമായും ആര്‍.എസ്.എസ് ചര്‍ച്ച നടത്തിയിട്ടില്ലെന്നും ആര്‍.എസ്.എസിനോടുള്ള നിലപാടില്‍ ഒരു മാറ്റവും ഇല്ലെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു

മലപ്പുറത്ത് വെച്ച് ലീഗ് എം.എല്‍.എയുമായി ചര്‍ച്ച നടത്തിയെന്നായിരുന്നു ആര്‍.എസ്.എസ് നേതാക്കള്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നത്.

Content Highlights: RSS has formed a special system to communicate with the Christian church leadership in Kerala

We use cookies to give you the best possible experience. Learn more