ന്യൂദല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് വന്നതിന് പിന്നാലെ ആര്‍.എസ്.എസിനെതിരെയും കനത്ത വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. വര്‍ഗീയതക്കെതിരെയാണ് നടപടിയെങ്കില്‍ ആര്‍.എസി.എസിനെ നിരോധിക്കണമെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. ഇതിനെതിരെ പ്രതികരണവുമായി ആര്‍.എസ്.എസ് രംഗത്തെത്തിയിരിക്കുകയാണ്.
പോപ്പുലര്‍ ഫ്രണ്ടിനോട് ഉപമിച്ച് ആര്‍.എസ്.എസിനെ നിരോധിക്കണം എന്ന് പറയുന്നത് ജനാധിപത്യ വിരുദ്ധവും ഭരണ ഘടനാവിരുദ്ധവുമാണെന്നാണ് ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാറിന്റെ പ്രതികരണം. രാജ്യത്തെ വിഭജിക്കാന്‍ ഇടതുപക്ഷവും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ സംഘടനകള്‍ ശ്രമിക്കുകയാണെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നതെന്നും ഇന്ദ്രേഷ് പറഞ്ഞതായി റിപ്പബ്ലിക് വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ബുധനാഴ്ചയായിരുന്നു പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച് കൊണ്ട് കേന്ദ്ര നിര്‍ദേശം വന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി രാജ്യത്തെ പി.എഫ്.ഐ നേതാക്കളെയും ഓഫീസുകളേയും കേന്ദ്രീകരിച്ച് എന്‍.ഐ.എ റെയ്ഡ് നടത്തിവരികയായിരുന്നു. ഇതില്‍ ഇരുനൂറിലധികം നേതാക്കളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.
സംഘടന യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുന്നുണ്ടെന്നും രാജ്യസുരക്ഷക്കും ക്രമസമാധാനത്തിനും ഭീഷണിയാണെന്നും ചൂണ്ടിക്കാണിച്ചായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി. ഇതിന് പിന്നാലെയാണ് ആര്‍.എസ്.എസിനേയും നിരോധിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയത്.
അതേസമയം ജനാധിപത്യത്തിന്റെ സംരക്ഷകരാണ് തങ്ങളെന്നും അക്രമം അവരുടെ പാതയല്ലെന്നുമാണ് ആര്‍.എസ്.എസിന്റെ വാദം.
‘ആര്‍.എസ്.എസിനെ നിരോധിക്കാന്‍ പറയുന്നവര്‍ക്ക് രാജ്യത്തെ വിഭജിക്കാന്‍ കൂട്ടുനിന്നവരുടെ അതേസ്വരമാണ്. ആര്‍.എസ്.എസിനെ കുറ്റം പറഞ്ഞുകൊണ്ട് ചെയ്ത പാപങ്ങള്‍ കഴുക്കിക്കളയാമെന്ന് കോണ്‍ഗ്രസിന് കരുതണ്ട. ആര്‍.എസ്.എസിനെ നിരോധിക്കാന്‍ ശ്രമിച്ച എല്ലാ തവണയും കോണ്‍ഗ്രസ് പരാജയം അറിഞ്ഞിട്ടുണ്ട്. ആര്‍.എസ്.എസ് ജനാധിപത്യത്തിന്റെ കാവല്‍ക്കാരാണ്,’ ഇന്ദ്രേഷ് പറയുന്നു.
കഴിഞ്ഞ ദിവസം ആര്‍.എസ്.എസിനെ ശക്തമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് രംഗത്തെത്തിയിരുന്നു.
എല്ലാ തരത്തിലുമുള്ള വര്‍ഗീയതയ്ക്കും കോണ്‍ഗ്രസ് എതിരാണെന്നും ആര്‍.എസ്.എസ് രാജ്യത്തുടനീളം ഹിന്ദു വര്‍ഗീയത പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ആര്‍.എസ്.എസ് ഉള്‍പ്പെടെ പി.എഫ്.ഐ പോലുള്ള എല്ലാ സംഘടനകളെയും നിരോധിക്കണമെന്നും അന്വേഷണം നടത്തണമെന്നും രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി) നേതാവ് ലാലു പ്രസാദ് യാദവ് പറഞ്ഞു.
എല്ലാ വര്‍ഗീയ സംഘടനകളെയും നിരോധിക്കുക എന്ന യുക്തിയില്‍ നിങ്ങള്‍ പോകുകയാണെങ്കില്‍, ആദ്യം വരുന്നത് ആര്‍.എസ്.എസാണ്, അതിനെയും നിരോധിക്കുമോ എന്നായിരുന്നു കേരള സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്റെ പരാമര്‍ശം.
Content Highlight: RSS guardians of democracy, those who say it should be banned have the same tone as those who divided the country: RSS