Advertisement
Kerala News
ആര്‍.എസ്.എസ് വളരുന്നത് വീടുകളിലെ അടുക്കളയില്‍ നിന്ന്: സുധീഷ് മിന്നി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Nov 28, 12:15 pm
Thursday, 28th November 2024, 5:45 pm

കോഴിക്കോട്: ആര്‍.എസ്.എസ് സംഘടന വീടുകളിലെ അടുക്കളയില്‍ നിന്നാണ് വളരുന്നതെന്ന് സുധീഷ് മിന്നി. അടുക്കളയില്‍ നിന്ന് രൂപംകൊള്ളുന്ന ആശയമാണ് ആര്‍.എസ്.എസിന്റേതെന്നാണ് സുധീഷ് മിന്നി പറഞ്ഞത്. ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

ആര്‍.എസ്.എസ് വിട്ട് സി.പി.ഐ.എമില്‍ ചേര്‍ന്ന പ്രവര്‍ത്തകനാണ് സുധീഷ് മിന്നി. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ളതാണ് അഭിമുഖം.

‘എന്തൊക്കെ പറഞ്ഞാലും ഒരു വീടിന്റെ കേന്ദ്രം എന്ന് പറയുന്നത് അടുക്കളയാണ്. ഈ അടുക്കളകളില്‍ നിന്നാണ് ആര്‍.എസ്.എസ് എന്ന ആശയം വളരുന്നത്. എന്നെ ആര്‍.എസ്.എസ് ശാഖയില്‍ കൊണ്ട് ചേര്‍ത്തത് എന്റെ അച്ചനല്ല, അമ്മയാണ്,’ എന്നാണ് സുധീഷ് മിന്നി പറഞ്ഞത്.

ശ്രീകൃഷ്ണ ജയന്തിക്ക് ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ഘോഷയാത്രകള്‍ നടക്കും. പല ആളുകളും കൃഷ്ണന്റെ വേഷം കെട്ടിച്ച് കുട്ടികളെ ഘോഷയാത്രയിലെത്തിക്കും. എന്നാല്‍ ഇത് ബാലഗോകുലം ആണെന്നോ ആര്‍.എസ്.എസിന്റെ പ്രസ്ഥാനമാണെന്നോ ആരും തിരിച്ചറിയുന്നില്ലെന്നും സുധീഷ് മിന്നി പറഞ്ഞു.

ബാലഗോകുലം കൃഷ്ണന്റെ പ്രസ്ഥാനമല്ലെന്നും കംസന്റെ പ്രസ്ഥാനമാണെന്നും ഇക്കാര്യം ആരും മനസിലാക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൃഷ്ണന്റെ പ്രസ്ഥാനമാണെന്ന ധാരണയില്‍ കുഞ്ഞുങ്ങളെ ബാലഗോകുലത്തില്‍ കൊണ്ടുവിടും. എന്നാല്‍ ഇത് കൃഷ്ണന്റേതല്ല, കംസന്റെതാണെന്ന് തിരിച്ചറിയാന്‍ ഒരുപാട് ബുദ്ധിമുട്ടുമെന്നും സുധീഷ് മിന്നി പറഞ്ഞു.

കുഞ്ഞുങ്ങളെ മയില്‍പ്പീലിയെല്ലാം വെച്ച് കൊണ്ടുപോകുന്നത് സാധാരണമായ ഒന്നാണ്, എല്ലാവരും ചെയ്യുന്ന കാര്യവുമാണത്. എന്നാല്‍ ബാലഗോകുലത്തിന്റെ ഘോഷയാത്രയിലേക്ക് കൊണ്ടുവിടുമ്പോഴാണ് പ്രശ്‌നമുണ്ടാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ഒരമ്മ വിചാരിക്കുകയാണ്, ഇന്ന് തന്റെ കുഞ്ഞിനെ കൃഷ്ണവേഷം കെട്ടിച്ച് ബാലഗോകുലത്തിന്റെ ഘോഷയാത്രയില്‍ കൊണ്ടുവിട്ടാല്‍ എന്താ തെറ്റെന്ന്. എന്നാല്‍ ആ ഘോഷയാത്ര അവസാനിക്കുന്നിടത്ത് നിന്നാണ് ആര്‍.എസ്.എസ് ആരംഭിക്കുന്നതെന്നും സുധീഷ് മിന്നി പറയുന്നു.

ഘോഷയാത്ര ക്ഷേത്രത്തില്‍ എത്തിയതിന് പിന്നാലെ നടക്കുന്ന മധുരവിതരണത്തിലൂടെയും അതുവരെ കാണാത്ത ഒരു ആര്‍.എസ്.എസ് പ്രചാരകന്‍ നടത്തുന്ന പ്രസംഗത്തിലൂടെയും കുട്ടികളുടെ മനസിലേക്ക് ഏതെങ്കിലുമൊക്കെ എത്താതിരിക്കില്ലെന്നും സുധീഷ് മിന്നി ഡൂള്‍ന്യൂസിനോട് പറഞ്ഞു.

Content Highlight: RSS Grows From Home Kitchens: Sudheesh Minni