കോഴിക്കോട്: മാഹിയില്‍ കൊല്ലപ്പെട്ട സി.പി.ഐ.എം നേതാവ് കണ്ണിപ്പൊയില്‍ ബാബുവിന്റെ പഴയ വീഡിയോ ഉപയോഗിച്ച് സംഘപരിവാറിന്റെ വ്യാജ പ്രചാരണം. മുഖ്യമന്ത്രിക്കെതിരെ ബൈപ്പാസ് വിഷയത്തില്‍ സംസാരിച്ചതിനാലാണ് ബാബു കൊല്ലപ്പെട്ടതെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ പ്രചരണം നടക്കുന്നത്. എന്നാല്‍ അഞ്ച് മാസം മുമ്പ് പുതുച്ചേരി മുഖ്യമന്ത്രിക്കെതിരെ ബാബു പറഞ്ഞതിന്റെ വീഡിയോ ആണ് പിണറായി വിജയനെതിരെ സംസാരിച്ചു എന്ന വ്യാജേന പ്രചരിപ്പിക്കുന്നത്.
ബാബുവിന്റെ കൊലപാതകത്തെ ടി.പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ഉപമിച്ചാണ് പോസ്റ്റുകള്‍. “മാഹിയിലെ ബാബുവേട്ടന്‍ മറ്റൊരു ടി.പിയോ, എന്തിനീ ക്രൂരത കമ്മ്യൂണിസ്റ്റ് കാട്ടാള നേതാക്കന്മാരേ..” എന്നാണ് ഫേസ്ബുക്കില്‍ വിഡിയോക്കൊപ്പം ഒരാള്‍ കുറിച്ചത്. “മാഷാ ആല്ലാ സ്റ്റിക്കറിന്റെ മണമടിക്കുന്നുണ്ടോ” എന്ന് ചോദിച്ചാണ് മറ്റൊരാളുടെ പോസ്റ്റ്. നിരവധി ഗ്രൂപ്പുകളില്‍ സമാനമായ പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്.
എന്നാല്‍, അഞ്ച് മാസം മുമ്പ് സാദിഖ് മഞ്ഞക്കല്‍ എന്നയാളുടെ അക്കൗണ്ടിലൂടെ പുതുച്ചേരി മുഖ്യമന്ത്രിയെക്കുറിച്ച് സംസാരിച്ചതിന്റെ വീഡിയോ ആണ് കേരളമുഖ്യമന്ത്രിക്കെതിരെ സംസാരിച്ചെന്ന പേരില്‍ പ്രചരിപ്പിക്കുന്നത്.
“പുതുച്ചേരി മുഖ്യമന്ത്രിയുടെ നഷ്ടപരിഹാര വിതരണ പരിപാടി മാഹി ബൈപ്പാസ് ആക്ഷന്‍ കമ്മറ്റി ബഹിഷ്‌ക്കരിച്ചു…
രാഷ്ട്രീയ ഇടപെടലില്‍ പ്രതിഷേധിച്ച് കര്‍മ്മ സമിതി പ്രവര്‍ത്തകരോടൊപ്പം വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പ്രവര്‍ത്തകരും പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോയി. പ്രതിഷേധിക്കുക…” – എന്നാണ് സാദിഖ് വീഡിയോക്കൊപ്പം കുറിച്ചിട്ടുള്ളത്. വീഡിയോയും കുറിപ്പും ഇപ്പോഴും സാദിഖിന്റെ അക്കൗണ്ടില്‍ ലഭ്യമാണ്.
https://www.facebook.com/Sadikmahe/videos/1441292852649870/
ബാബുവിനെ ആദരിക്കുന്ന ചടങ്ങിനിടെയുള്ള ഫോട്ടോ ഉപയോഗിച്ച്, ബി.ജെ.പിയുമായി വേദി പങ്കിട്ട ബാബുവിനെ സി.പി.ഐ.എം കൊന്നു എന്ന തരത്തിലും സംഘപരിവാര്‍ പേജുകളില്‍ വ്യാജപ്രചാരണമുണ്ട്.