| Sunday, 3rd November 2019, 7:50 pm

തിരുവനന്തപുരത്ത് ഡി.വൈഎ.ഫ്‌ഐ-ആര്‍.എസ്.എസ് സംഘര്‍ഷം; തുടക്കം പതാകയില്‍ നിന്ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരം മണികണ്‌ഠേശ്വരത്ത് ഡി.വൈ.എഫ്‌.ഐ-ആര്‍ എസ് എസ് സംഘര്‍ഷം. ഡി.വൈ.എഫ്.ഐ പതാക ദിനത്തോടനുബന്ധിച്ചാണ് പ്രശ്‌നങ്ങളുണ്ടായത്.

നേരത്തെ തന്നെ ബി.ജെ.പി-സി.പി.എം തര്‍ക്കം നിലനില്‍ക്കുന്ന സ്ഥലമാണ് മണികണ്‌ഠേശ്വരം. ഇന്ന് രാവിലെ ഇവിടെ ഡി.വൈ.എഫ്.ഐ പതാക ഉയര്‍ത്തിയിരുന്നു. ഇത് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തകര്‍ത്തുവെന്നാണ്ഡി.വൈ.എഫ്‌.ഐ ആരോപിക്കുന്നത്.

തുടര്‍ന്ന് പൊലീസില്‍ പരാതി കൊടുക്കാന്‍ പോയ പ്രവര്‍ത്തകരെ മണികണ്‌ഠേശ്വരം ക്ഷേത്രത്തിന് മുന്നില്‍ വച്ച് ആര്‍.എസ്.എസ്-ബി.ജെ.പി സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് ഡി.വൈ.എഫ്‌ഐ പറയുന്നത്.

ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് വിനീത്, സംസ്ഥാന കമ്മറ്റി അംഗം പ്രതിന്‍ സാജ് കൃഷ്ണ എന്നിവര്‍ ഉള്‍പ്പെടെ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷസമയം സ്ഥലത്തുണ്ടായിരുന്ന ആറു പൊലീസുകാര്‍ക്കും പരിക്കേറ്റു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പരിക്കേറ്റതിനെത്തുടര്‍ന്ന്   ബിജു, മധു, കണ്ണന്‍, ഉണ്ണിക്കൃഷ്ണന്‍ എന്നീ നാല് ബി.ജെ.പി പ്രവര്‍ത്തകരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

മണികണ്ഠേശ്വരം, നെട്ടയം, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. അതേസമയം സംഭവം നടക്കുന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്ന  പൊലീസുകാര്‍ ഏകപക്ഷീയമായി പെരുമാറിയെന്ന് ബി.ജെ.പി ജില്ലാ നേതൃത്വം ആരോപിച്ചു.

കണ്ടാലറിയുന്ന ചിലരുടെ പേരില്‍ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കനത്ത പൊലീസ് സന്നാഹം ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇവിടെ സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more