പാലക്കാട്: പാലക്കാട്ടെ നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍.എസ്.എസ് നേതാവ് ഹെഡ്‌ഗേവാറിന്റെ പേര് നല്‍കിയത് ദേശീയ നേതൃത്വത്തിന്റെ അനുമതി വാങ്ങാതെയാണെന്ന് റിപ്പോര്‍ട്ട്.
സാധാരണ ഇത്തരം സാഹചര്യങ്ങളില്‍ ദേശീയ നേതാക്കളുടെ പേര് നല്‍കുന്നതിനായി ആര്‍.എസ്.എസ് ദേശീയ നേതൃത്വത്തിന്റെ അനുമതി വേണം. എന്നാല്‍ ഈ സംഭവത്തില്‍ അങ്ങനെ ചെയ്തിട്ടില്ലെന്നാണ് പാലക്കാട്ടെ ബി.ജെ.പിയിലെ ഒരു വിഭാഗം പറയുന്നത്. പേര് നല്‍കുന്ന കാര്യത്തില്‍ ഒരുപക്ഷം ഏകപക്ഷീയമായി തീരുമാനം എടുത്തുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
കഴിഞ്ഞ ദിവസം പാലക്കാട്ടെ ഭിന്നശേഷിക്കാര്‍ക്കുള്ള കെയര്‍ സെന്ററിന് ആര്‍.എസ്.എസ് നേതാവ് കെ.ബി. ഹെഡ്ഗേവാറിന്റെ പേര് നല്‍കിയതോടെയാണ് വിവാദം ആരംഭിച്ചത്. ഇന്നലെ (വെള്ളി)യാണ് നൈപുണ്യ വികസന കേന്ദ്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ് നടന്നത്. എന്നാല്‍ പരിപാടി ആരംഭിക്കുന്നതിന് മുന്നോടിയായി തന്നെ യൂത്ത് കോണ്‍ഗ്രസും ഡി.വൈ.എഫ്.ഐയും പ്രതിഷേധവുമായി രംഗത്തെത്തി.
പരിപാടി നടന്ന വേദി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തു. ശിലാഫലകം ഉള്‍പ്പെടെ നശിപ്പിക്കുകയും ചെയ്തു. പദ്ധതിക്കായി തറക്കല്ലിട്ട ഭൂമിയില്‍ യൂത്ത് കോണ്‍ഗ്രസ് വാഴ വെക്കുകയും ചെയ്തിരുന്നു.
നഗരസഭയുടെ നടപടിക്കെതിരെ പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തലിന്റെ നേതൃത്വത്തില്‍ നഗരസഭയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടന്നിരുന്നു. പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകുകയും ചെയ്തിരുന്നു.
ഇതിനെ തുടര്‍ന്ന് പാലക്കാട് ഡി.ഡി.ഡിയിലേക്ക് ബി.ജെ.പി ജില്ലാ നേതൃത്വം മാര്‍ച്ച് പ്രഖ്യാപിച്ചു. വൈകുന്നേരത്തോടെ നടന്ന പ്രതിഷേധ മാര്‍ച്ചില്‍ ആര്‍.എസ്.എസ് നേതാക്കളെ അവഹേളിച്ച എം.എല്‍.എയെ പാലക്കാട് കാലുകുത്തിക്കില്ലെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കുകയുമുണ്ടായി.
ബി.ജെ.പിയുടെ ഭീഷണിക്ക് മറുപടിയുമായി താന്‍ ഇപ്പോഴും പാലക്കാട് കാലുകുത്തിയാണ് നില്‍ക്കുന്നതെന്നും ഒരു ജനപ്രതിനിധിയുടെ കാലുകുത്തിക്കില്ലെന്ന ബി.ജെ.പിയുടെ ഭീഷണിയില്‍ പൊലീസ് കേസെടുക്കുമോയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചിരുന്നു.
വ്യക്തിപരമായി താന്‍ കേസ് കൊടുക്കുന്നില്ലെന്നും ബി.ജെ.പി എത്ര ഭീഷണിപ്പെടുത്തിയാലും തന്റെ രണ്ട് കാലും നിലത്ത് കുത്തിത്തന്നെ ആര്‍.എസ്.എസിനെതിരെ സംസാരിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
Content Highlight: RSS did not seek permission from national leadership to name Hedgewar; Report says there was disagreement in Palakkad BJP