മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റിനെ സ്വാഗതം ചെയ്ത് ആര്‍.എസ്.എസ്; തീവ്ര ഇടത് സ്വാധീനത്തിലകപ്പെടാന്‍ സാധ്യതയുള്ള വിദ്യാര്‍ത്ഥികളെ കണ്ടത്തുമെന്ന് എ.ബി.വി.പി.
national news
മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റിനെ സ്വാഗതം ചെയ്ത് ആര്‍.എസ്.എസ്; തീവ്ര ഇടത് സ്വാധീനത്തിലകപ്പെടാന്‍ സാധ്യതയുള്ള വിദ്യാര്‍ത്ഥികളെ കണ്ടത്തുമെന്ന് എ.ബി.വി.പി.
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th August 2018, 11:42 pm

ന്യൂദല്‍ഹി: മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത നടപടി സ്വാഗതാര്‍ഹമെന്ന് ആര്‍.എസ്.എസ്. “തീവ്ര ഇടതുപക്ഷ ആശയങ്ങള്‍ പിന്‍പറ്റുന്നവര്‍ക്കെതിരെയുള്ള നടപടി സ്വാഗതാര്‍ഹമാണ്” എന്നായിരുന്നു അറസ്റ്റുകളോടുള്ള ആര്‍.എസ്.എസ് പ്രതികരണം.

“ഇത്തരത്തിലുള്ള ചിന്തകള്‍ പുലര്‍ത്തുന്നവരെ തിരിച്ചറിയുന്നത് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള നല്ല നീക്കമാണ്. തീവ്ര ഇടതുപക്ഷം അക്രമങ്ങളുണ്ടാക്കുകയാണ്. അവരെക്കുറിച്ച് അന്വേഷിക്കേണ്ടതുണ്ട്.” എ.ബി.വി.പിയുടെ ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി സുനില്‍ അംബേദ്കര്‍ പറഞ്ഞു.

തീവ്ര ഇടത് ആശയങ്ങളുടെ നേര്‍ക്ക് ചായ്‌വുണ്ടാകാന്‍ സാധ്യത കൂടുതലുള്ള വിദ്യാര്‍ത്ഥികളെ കണ്ടത്തി തിരികെക്കൊണ്ടുവരാനായി അടുത്ത ദിവസം മുതല്‍ ക്യാംപസ്സുകളില്‍ പാന്‍-ഇന്ത്യ കോണ്‍ടാക്ട് പ്രോഗ്രാം സംഘടിപ്പിക്കാനൊരുങ്ങുകയാണ് എ.ബി.വി.പി. ക്യാംപസുകളില്‍ ഇടതുപക്ഷാശയങ്ങള്‍ പ്രചരിക്കുന്നത് ഭരണഘടനയിലധിഷ്ഠിതമായ വ്യവസ്ഥിതികള്‍ക്കെതിരെ തിരിയാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുമെന്നാണ് എ.ബി.വി.പി നേതൃത്വത്തിന്റെ പക്ഷം.

 

Also Read: അറസ്റ്റിലായ മനുഷ്യാവകാശപ്രവര്‍ത്തകരെ ജയിലിലടയ്ക്കരുതെന്ന് സുപ്രീംകോടതി

 

സംവാദ് അഭിയാന്‍ എന്ന പേരില്‍ വിദ്യാര്‍ത്ഥികളുമായി സമ്പര്‍ക്കം പുലര്‍ത്താനുള്ള ഒരു സംവാദപരിപാടിയും ഈ പശ്ചാത്തലത്തില്‍ നടത്താന്‍ എ.ബി.വി.പി തീരുമാനിച്ചിട്ടുണ്ട്. “ദേശീയ-സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടിയില്‍ അരികുവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തുകയും, തീവ്ര ഇടത് ആക്ടിവിസ്റ്റുകള്‍ അവരെ സ്വാധീനിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യും.” അംബേദ്കര്‍ പറയുന്നു.

മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റിനെതിരായ പ്രതിഷേധം വ്യാപകമായി ഉയരുമ്പോഴും, സര്‍ക്കാര്‍ ശരിയായ ദിശയില്‍ സഞ്ചരിക്കുന്നതിന്റെ തെളിവാണിതെന്നാണ് ആര്‍.എസ്.എസിന്റെ പക്ഷം.