| Tuesday, 5th June 2018, 5:46 pm

'അത്തരത്തിലുള്ള പരിപാടിയൊന്നും ഇവിടെ നടത്താന്‍ പറ്റില്ല'; നാഗ്പൂരിലെ ആസ്ഥാനത്ത്‌ ഇഫ്താര്‍ വിരുന്ന് നടത്തണമെന്ന രാഷ്ട്രീയ മുസ്‌ലിം മഞ്ചിന്റെ അപേക്ഷ തള്ളി ആര്‍.എസ്.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ആര്‍.എസ്.എസ് ആസ്ഥാനത്ത് ഇഫ്താര്‍ വിരുന്ന് നടത്തണമെന്ന രാഷ്ട്രീയ മുസ്‌ലിം മഞ്ചിന്റെ അപേക്ഷ തള്ളി നേതൃത്വം. ആര്‍.എസ്.എസിന്റെ പോഷകസംഘടനയാണ് രാഷ്ട്രീയ മുസ്‌ലിം മഞ്ച്.

കഴിഞ്ഞയാഴ്ചയാണ് മഹാരാഷ്ട്ര മഞ്ച് കണ്‍വീനറായ മുഹമ്മദ് ഫറൂഖ് ഷെയ്ഖ് ഇഫ്താര്‍ വിരുന്നിന് അനുമതി തേടിക്കൊണ്ട് ആര്‍.എസ്.എസ് മഹാനഗര്‍ സംഘചാലക് രാജേഷ് ലോയയ്ക്ക് അപേക്ഷ നല്‍കിയത്. സ്മൃതി മന്ദിറില്‍വെച്ച് പരിപാടി നടത്താനായിരുന്നു ഉദ്ദേശ്യം. എന്നാല്‍ അപേക്ഷ തള്ളിയ ആര്‍.എസ്.എസ് ഇവിടെ ഒരു പാര്‍ട്ടിയും നടത്താന്‍ പാടില്ല എന്നറിയിക്കുകയായിരുന്നു.

“രാജ്യത്തെ അസഹിഷ്ണുതയെപ്പറ്റി ലോകം ചര്‍ച്ച ചെയ്യുമ്പോള്‍ ആര്‍.എസ്.എസ് ഇഫ്താറിന് ആതിഥ്യമരുളുന്നത് സാഹോദര്യത്തിന്റെ സന്ദേശം കൈമാറാനാകുമെന്നാണ് ഞാന്‍ കരുതിയത്. അതിനെന്താണ് തെറ്റ്.”- ഫറൂഖ് ഷെയ്ഖ് ചോദിക്കുന്നു.

ALSO READ:  ഇന്ത്യ-വെസ്റ്റിന്‍ഡീസ് മത്സരം നവംബര്‍ ഒന്നിന് കാര്യവട്ടത്ത്

കഴിഞ്ഞവര്‍ഷം മോമിന്‍പുരയിലെ ജുമാമസ്ജിദില്‍ ഇഫ്താര്‍ സംഘടിപ്പിച്ചപ്പോള്‍ ആര്‍.എസ്.എസ്, ബി.ജെ.പി നേതാക്കള്‍ പങ്കെടുത്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൂര്‍ണ്ണമായും സസ്യാഹാരങ്ങള്‍ കൊണ്ട് ഇഫ്താര്‍ സംഘടിപ്പിക്കാമെന്ന് പറഞ്ഞെങ്കിലും അനുമതി ലഭിച്ചില്ലെന്ന് ഫറൂഖ് പറയുന്നു.

“അത്തരത്തിലുള്ള ഒരു പരിപാടിയും സ്മൃതി മന്ദിറില്‍ നടത്താന്‍ പറ്റില്ല. മാത്രമല്ല സ്മൃതി മന്ദിറില്‍ ഇപ്പോള്‍ മൂന്നാംവര്‍ഷ പരിശീലനക്യാംപ് നടന്നുകൊണ്ടിരിക്കുകയാണ്.”

ALSO READ:  ജാര്‍ഖണ്ഡില്‍ വീണ്ടും പട്ടിണി മരണം: ഇരുപത്തിനാലു മണിക്കൂറിനിടെ രണ്ടാമത്തേത്

അതേസമയം ഒരു മുസ്‌ലിം ഇഫ്താര്‍ പാര്‍ട്ടി സംഘടിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അയാള്‍ക്ക് അതില്‍ ആതിഥ്യമരുളാന്‍ മറ്റൊരാളോട് ആവശ്യപ്പെടാനാവില്ലെന്നും അത് സ്വയം ആതിഥ്യമരുളുകയുമാണ് വേണ്ടതെന്നുമാണ് നേതൃത്വം മറുപടി പറഞ്ഞതെന്ന് ഫാറുഖ് പറയുന്നു.

അതേസമയം മുംബൈയില്‍ ഇഫ്താര്‍ വിരുന്ന് നടത്താറുണ്ടെന്നും ആചാരപ്രകാരമാണ് ഇത് ചെയ്യുന്നതെന്നും രാഷ്ട്രീയ മുസ്‌ലിം മഞ്ചിന്റെ ദേശീയ പ്രസിഡണ്ട് മുഹമ്മദ് അഫ്‌സല്‍ പറയുന്നു. ആര്‍.എസ്.എസുമായി അടുത്തിടപഴകുന്ന ഒരു സ്വതന്ത്ര സംഘടനയാണ് മുസ്‌ലിം മഞ്ചെന്നും അഫ്‌സല്‍ കൂട്ടിച്ചേര്‍ത്തു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more