കൊല്ലം: ഹൈക്കോടതിയുടേയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും ഉത്തരവ് ലംഘിച്ച് തൃക്കടവൂര്‍ മഹാദേവര്‍ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ആര്‍.എസ്.എസ് ഗുരുദക്ഷിണ പരിപാടി. അഞ്ചാലംമൂട് പൊലീസ് സംഘത്തിന്റെ സാന്നിധ്യത്തിലായിരുന്നു പരിപാടി.
രാവിലെ വിവരം അറിഞ്ഞ ദേവസ്വം കമ്മീഷണര്‍ പൊലീസില്‍ പരാതി നല്‍കാന്‍ ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പരാതി നേരത്തെ ലഭിച്ചില്ല എന്ന കാരണം പറഞ്ഞ് ആര്‍.എസ്.എസ് പരിപാടിക്ക് പൊലീസ് ഒത്താശ ചെയ്യുകയായിരുന്നുവെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.
Read Also : കഥാകൃത്ത് എസ്. ഹരീഷിന് നേരെ വധഭീഷണി മുഴക്കിയ ആള്‍ അറസ്റ്റില്‍
ക്ഷേത്രത്തില്‍ മറ്റ് സംഘടനകടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും പരിപാടികള്‍ നടത്തരുതെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെയാണ് ആര്‍.എസ്.എസ് കടവൂര്‍ ശാഖയുടെ നേതൃത്വത്തില്‍ ഗുരുദക്ഷിണ പരിപാടി നടത്തിയത്. ആര്‍.എസ്.എസ് നേതാക്കള്‍ നേതൃത്വം നല്‍കിയ പരിപാടിയുടെ നോട്ടീസ് പ്രസിദ്ധീകരിച്ചിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരത്തെ ക്ഷേത്ര അങ്കണത്തില്‍ ആര്‍.എസ്.എസ് ശാഖയും ആയുധ പരിശീലനവും ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിടുകയും ആര്‍.എസ്.എസിനെ വിലക്കുകയും ചെയ്തിരുന്നു.